• Breaking News

  മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേയ്ക്ക്; ഒന്നാംഘട്ടം പാറശാല-കുടപ്പനമൂട്; പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നാളെമുതല്‍ ആരംഭിക്കും

  Highway highway to reality; First phase Parasala - Kudappanamoodu; Preliminary activities will start tomorrow,www.thekeralatimes.com

  പാറശ്ശാല: പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായി പ്രഖ്യാപിക്കപ്പെട്ട, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മുതല്‍ കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവ്  വരെയുള്ള മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.

  സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളില്‍ കൂടി 12 മീറ്റര്‍ വീതിയില്‍ 1251 കി.മീറ്റര്‍ നീളത്തിലുള്ള റോഡാണ് മലയോര ഹൈവേ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഏഴു ജില്ലകളിലാണ് 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മാണത്തിന് ഇപ്പോള്‍ സ്ഥലം ലഭ്യമായിട്ടുള്ളത്.

  മലയോര ഹൈവേയുടെ ഡിസൈന്‍ തയാറാക്കിയ ഏജന്‍സിയായ നാറ്റ്പാക്ക് തയാറാക്കിയ അലൈന്മെന്റ് പ്രകാരം പാറശാല നിയോജകമണ്ഡലത്തില്‍ കള്ളിക്കാട്-വാഴിച്ചല്‍-ആനപ്പാറ-കടുക്കറ എന്ന റൂട്ടാണ്നിര്‍ദ്ധിഷ്ട മലയോര ഹൈവേയ്ക്കായി നിശ്ചയിച്ചിരുന്നത് , എന്നാല്‍ ഈ അലൈന്മെന്റിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പാറശാല-കാരക്കോണം-കുടപ്പനമൂട്-കൂട്ടപ്പൂ-അമ്പൂരി-വാഴിച്ചല്‍-കള്ളിക്കാട് എന്ന രീതിയില്‍ അലൈന്മെന്റ് പുനക്രമീകരിച്ച് പാറശാല-കാരക്കോണം-കുടപ്പനമൂട് വരെയുള്ള ഒന്നാം ഘട്ടത്തിന് 54 കോടി രൂപയും കുടപ്പനമൂട്-കൂട്ടപ്പൂ-അമ്പൂരി-വാഴിച്ചല്‍-കള്ളിക്കാട് വരെയുള്ള രണ്ടാം ഘട്ടത്തിന് 51 കോടി രൂപയും അനുവദിച്ചുകൊണ്ട് ഭരണാനുമതി ലഭ്യമാക്കിയത്.

  കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന മലയോര ഹൈവേയ്ക്ക് 12 മീറ്റര്‍ വീതിയില്‍ ഭൂമി സൗജന്യമായി പൊതുമരാമത്ത് വകുപ്പിന് വിട്ടു നല്‍കണമെന്നാണ് വ്യവസ്ഥ.ഹൈവേ കടന്നുപോവുന്ന പഞ്ചായത്തുകളിലെ ഭരണസമിതിയും ജനപ്രതിനിധികളും ചേര്‍ന്നാണ് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലായി 493 കി.മീറ്റര്‍ നീളത്തില്‍ മലയോര ഹൈവേ നിര്‍മ്മിക്കുന്നതിന് 1426 കോടി രൂപയ്ക്കുള്ള അനുമതി കേരള ഇന്‍ഫ്രാസ്ട്രക്ചറര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍റെ (കിഫ്ബി) അംഗീകാരം ലഭിച്ചു കഴിഞ്ഞു. അംഗീകാരം ലഭിച്ചു കഴിഞ്ഞ പാറശാല മുതല്‍ കുടപ്പനമൂട് വരെയുള്ള ഒന്നാം ഘട്ടം ഉള്‍പ്പെടെയുള്ള നാലു പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

  പാറശാല മുതല്‍ കുടപ്പനമൂട് വരെയുള്ള ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണച്ചുമതല അശ്വതി കണ്‍സ്ട്രക്ഷന്‍സിനാണ്. ഇതിനു പുറമേ മലയോര ഹൈവേയുടെ പാറശാല മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രവൃത്തിയായ കുടപ്പനമൂട്- അമ്പൂരി-വാഴിച്ചല്‍-കള്ളിക്കാട്-പരുത്തിപ്പള്ളി ഉള്‍പ്പെടെ ഏഴ് പ്രവൃത്തികളുടെ ടെണ്ടറിനായുള്ള നടപടികള്‍ പൂര്‍ത്തിയായി.

  പാറശാല മുതല്‍ കുടപ്പനമൂട് വരെയുള്ള ഒന്നാം ഘട്ടത്തിനായുള്ള സ്ഥലമേറ്റെടുപ്പ് 80%ത്തോളം പൂര്‍ത്തിയായി . ഈ റീച്ചിലെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നാളെ  പാറശാല നിന്നും ആരംഭിക്കും , 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ 7.5 മീറ്റര്‍ വീതിയില്‍ റബറൈസ്ഡ്  ടാറിംഗ് ഇരുവശത്തും നടപ്പാത , ജലനിഗമന സംവിധാനങ്ങള്‍ , ട്രാഫിക്ക് സുരക്ഷാ സംവിധാനങ്ങള്‍ , ബസ്സ്‌ ബേകള്‍ , ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ,യുട്ടിലിട്ടി ഡക്ടുകള്‍, ജംഗ്ഷനുകളുടെ നവീകരണവും ,  പാറശാല റെയില്‍വേ മേല്‍പ്പാലം , കള്ളിക്കാട് പാലം എന്നിവയുടെ പുനര്‍നവീകരണവും  ഉള്‍പ്പെടുത്തിയിട്ടുണ്ട് 10 മാസം കൊണ്ട് ഈ റീച്ചിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായാണ് ശ്രമിക്കുന്നതെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.

  കേരളത്തിലെ മലയോര പ്രദേശങ്ങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും കാര്‍ഷികവിപണി മെച്ചപ്പെടുത്തുന്നതിനുമായി മലയോരങ്ങളെ റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ഈ പദ്ധതി പാറശാല മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലൂടെ മണ്ഡലത്തിലെ ചരക്കു ഗതാഗതത്തിനും കാര്‍ഷിക വിപണിക്കും വമ്പിച്ച നേട്ടമുണ്ടാക്കാന്‍ കഴിയും എന്നതിലുപരിയായി മലയോര, തീരദേശ, നാഷണല്‍ ഹൈവേകളുടെ സംഗമഭൂമിയായി പാറശാലയെ മാറ്റാന്‍ ഈ സ്വപ്നപദ്ധതിക്ക് കഴിയുമെന്ന് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.

  Post Bottom Ad