• Breaking News

    നെയ്യാറ്റിൻകരയിലെ ആത്മഹത്യ; അണഞ്ഞുപോയത് ഒരു കുടുംബത്തിലെ രണ്ട് വിളക്കുകൾ

    Suicide in Neyyattinkara Two lights of a family were shattered,www.thekeralatimes.com


    റിപ്പോർട്ട്
    അനുരാഗ് വി എസ്

    നെയ്യാറ്റിൻകര മഞ്ചവിളാകം മാരായമുട്ടത്തെ ചന്ദ്രന്റെ വീട് ഇനിമുതൽ നിശബ്ദമാണ്. സന്തുഷ്ട ജീവിതം നയിച്ചിരുന്ന ഒരു ചെറു കുടുംബം സങ്കടക്കടലായി മാറിയതിന് പിന്നിലെ തുടക്കം ഇങ്ങനെ, 15 വർഷം മുൻപ് ചന്ദ്രൻ കാനറ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നും 5ലക്ഷം രൂപ വായ്‌പയെടുത്തു. ഇതിനോടകം അടച്ചത് 8 ലക്ഷം രൂപ. എന്നാൽ പലിശ സഹിതം ഏകദേശം 7ലക്ഷം രൂപയോളം ഇനിയും അടച്ചുതീർക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞത്. കൂലിപ്പണിചെയ്ത് ജീവിക്കുന്ന ചന്ദ്രനും കുടുംബത്തിനും ഇത് വലിയ തുക തന്നെയായിരുന്നു. ഇടക്കാലത്ത് വായ്പയുടെ തിരിച്ചടവിൽ മുടക്കം വന്നു. ബാങ്കിന്റെ ജപ്തി ഭീഷണി ആ സന്തുഷ്ട കുടുംബത്തിന്റെ താളം തെറ്റിച്ചു. വീടും വസ്തുവും വിറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ ഇനിയെന്തെന്ന് ചിന്തിക്കാൻ ചന്ദ്രന്റെ ഭാര്യ ലേഖയും മകൾ വൈഷ്ണവിയും കൂട്ടാക്കിയില്ല. മാനസിക സമ്മർദ്ദം അവരെ ആത്മഹത്യയെന്ന ക്രൂരതയ്ക്ക് പ്രേരിപ്പിച്ചു. സ്വയം അവർ അഗ്നിയ്ക്കിരയായി.

    വൈഷ്ണവി ഏത് കോളേജിലാണ് പഠിച്ചിരുന്നതെന്ന ചോദ്യത്തിന് അയൽവാസിയായ സ്ത്രീ നിറകണ്ണുകളോടെ നൽകിയ മറുപടിയുടെ കൂട്ടത്തിൽ അവരിങ്ങനെ കൂട്ടിച്ചേർത്തു " മോള് പഠിത്തത്തിൽ മിടുക്കിയായിരുന്നു സാറേ..."
    പകുതി കത്തിയമർന്ന വൈഷ്ണവിയുടെ നോട്ട് ബുക്കിൽ വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയിരുന്ന അക്ഷരങ്ങൾക്കും അത് തന്നെയാവണം പറയാനുണ്ടായിരുന്നത്. അവർ ആത്മഹത്യ ചെയ്തുപോയ മുറിയിലെ ജനലരികിൽ നിന്ന് ചിത്രങ്ങൾ പകർത്തുമ്പോൾ പുറത്തേയ്ക്കടിച്ച ചെറുകാറ്റിലെ തീയുടെ ചൂടിലുണ്ടായിരുന്നു ഒരു കൊച്ചു കുടുംബത്തിന്റെ നിലച്ചുപോയ പ്രതീക്ഷയും സന്തോഷവുമെല്ലാം...
    ഇനിമുതൽ തന്റെ സന്തോഷവും ദുഃഖങ്ങളുമെല്ലാം പങ്കുവയ്ക്കാൻ ചന്ദ്രന് തന്റെ ഭാര്യയും മകളുമില്ല. കാനറ ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ അയാൾക്ക് തന്റെ പകുതി ജീവൻ നഷ്ടമായിരിക്കുന്നു.

    Post Bottom Ad