• Breaking News

  ജമ്മു കശ്മീർ കർഫ്യൂ: സ്ഥിതി സാധാരണനിലയിലാക്കാൻ കേന്ദ്രത്തിന് സാവകാശം നൽകണം: സുപ്രീം കോടതി

  Jammu and Kashmir curfew: Center must give time to normalcy: Supreme Court,www.thekeralatimes.com


  ജമ്മു കശ്മീരിലെ നിരോധനാജ്ഞ എടുത്തു കളഞ്ഞുകൊണ്ട് കശ്മീർ താഴ്‌വരയിൽ സാധാരണ നില പുന:സ്ഥാപിക്കാൻ കേന്ദ്രത്തിന് കുറച്ചു കൂടി സാവകാശം നൽകണമെന്ന് സുപ്രീം കോടതി  നിരീക്ഷിച്ചു. ഹർജിയിൽ വാദം കേൾക്കൽ കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.

  ജസ്റ്റിസുമാരായ അരുൺ മിശ്ര, എം. ആർ ഷാ, അജയ് റസ്തോഗി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് തെഹ്‌സീൻ പൂനവല്ല ആഗ സമർപ്പിച്ച ഹരജി പരിഗണിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ നടപടികളെ തുടർന്ന് കശ്മീരിൽ നിരോധനാജ്ഞ (കർഫ്യൂ) ഏർപ്പെടുത്തിയതിനെതിരെയാണ് ഹർജി നൽകിയത്.

  ആശയവിനിമയത്തിനുള്ള എല്ലാ മാർഗങ്ങളും പൂർണമായി തടയാൻ കഴിയില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷ മേനക ഗുരുസ്വാമി വാദിച്ചു . കുറഞ്ഞ പക്ഷം സ്കൂളുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവയെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കണം എന്നും അവർ കോടതിയോട് ആവശ്യപ്പെട്ടു.

  കശ്മീരിലെ സാഹചര്യത്തിന്റെ ഗൗരവത്തെ അടിസ്ഥാനമാക്കി ആവാം ക്രമസമാധാന നടപടികൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് അരുൺ മിശ്ര അറ്റോർണി ജനറൽ (എ.ജി) കെ.കെ വേണുഗോപാലിനോട് എത്രനാൾ കർഫ്യൂ പ്രാബല്യത്തിൽ ഉണ്ടാവുമെന്ന് ആരാഞ്ഞു.

  ഇതിന് മറുപടിയായി കേന്ദ്രസർക്കാർ സ്ഥിതിഗതികൾ ഗൗരവമായി അവലോകനം ചെയ്യുകയാണെന്നും സ്ഥിതി പഴയപടി ആവുന്നത് വരെ വലിയ രീതിയിലുള്ള അസൗകര്യം ജനങ്ങൾക്ക് ഉണ്ടാകാതെ ശ്രദ്ധിക്കുമെന്ന് ബെഞ്ചിന് ഉറപ്പ് നൽകി.

  സുരക്ഷാ നടപടികൾ കാരണം ഇതുവരെ ഒരു ജീവൻ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും എ.ജി അറിയിച്ചു. 2016-ൽ ജമ്മു കശ്മീർ സാധാരണ നിലയിലാകാൻ മൂന്ന് മാസത്തിലധികം സമയമെടുത്തതായും 47 ൽ അധികം പേർ കൊല്ലപ്പെട്ടതായും എ.ജി പറഞ്ഞു.

  ഓരോ ജില്ലയിലെയും സ്ഥിതിഗതികൾ ജില്ലാ മജിസ്‌ട്രേട്ട് അവലോകനം ചെയ്യുകയാണെന്നും അടിസ്ഥാന വിവരങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങൾ ഓരോന്നായി നീക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.

  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ അപ്രഖ്യാപിത കർഫ്യൂ നിലനിൽക്കുകയാണെന്നും  ഈ മാസം നാലാം തിയതി മുതൽ സംസ്ഥാനത്തെ ഫോൺ സേവനങ്ങൾ, ഇൻറർനെറ്റ്, വാർത്താ ചാനലുകൾ എന്നിവ അടച്ചുപൂട്ടിയിരിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.  ആരോഗ്യ പരിപാലനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതു സ്ഥാപനങ്ങൾ ഭക്ഷ്യവസ്തുക്കൾ-പച്ചക്കറികൾ, റേഷൻ വിതരണ സ്ഥാപനങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിലേക്ക് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ഈ നടപടി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21 എന്നിവയുടെ ലംഘനമാണെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

  Post Bottom Ad