• Breaking News

    ‘ വീണ്ടും വീണ്ടും നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യന്‍’ കളക്ടര്‍ ബ്രോയ്ക്ക് അഭിനന്ദനങ്ങളുമായി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ്

    This is a Facebook post that congratulates the collector Bro.,www.thekeralatimes.com


    തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിലാണ്. കേറളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയും ഏറെ സഹായകമാകുന്നുണ്ട്. സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ തങ്ങളാലാകുന്ന വിധം വിവരങ്ങള്‍ കൈമാറുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളും പെട്ടെന്ന് ആവശ്യമായ സഹായങ്ങളും കണ്ടെത്തുന്നതിനും സോഷ്യല്‍ മീഡിയ വലിയ രീതിയിലാണ് സഹായിക്കുന്നത്.

    അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ പ്രളയദുരിതാശ്വാസത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായര്‍. രാവെന്നോ പകലെന്നാ ഇല്ലാതെയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏകോപിപ്പിക്കുന്നത്. ഇപ്പോഴിതാ കളക്ടര്‍ ബ്രോയെ അഭിനന്ദിച്ച് ഹരി പത്തനാപുരം എന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വൈറലാകുന്നത്. പിന്നെയും മണിക്കൂറുകള്‍ ഇടവിട്ട് ഉപയോഗപ്രദമായ പോസ്റ്റുകള്‍ ഇട്ട് നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യനെന്ന് ഹരി പത്തനാപുരം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    രാത്രി 9 മണി…ആ മനുഷ്യന്‍ പോസ്റ്റ് ഇട്ടു തിരുവനന്തപുരത്ത് പ്രളയ ദുരിതാശ്വാസ സാധനങ്ങളുമായി അടുത്ത ട്രക്ക് പുറപ്പെടും എന്ന്

    രാത്രി അല്പം കൂടി കനത്തപ്പോള്‍ ആ മനുഷ്യന്‍ പോസ്റ്റ് ചെയ്തു ഏതൊക്കെ അവശ്യ സാധനങ്ങള്‍ ആണ് വേണ്ടത് എന്ന്

    അര്‍ദ്ധരാത്രി ആ മനുഷ്യന്‍ പോസ്റ്റ് ചെയ്തു പ്രളയ ബാധിതര്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ ഏതൊക്കെ എന്ന്

    കുറച്ചു കൂടി കഴിഞ്ഞു ആ മനുഷ്യന്‍ പോസ്റ്റിട്ടു എല്ലാവരും സമാധാനം ആയി ഉറങ്ങൂ ഡാം 7 മണിക്ക് തുറക്കില്ല വൈകിട്ട് മാത്രമേ തുറക്കൂ എന്ന്

    കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ദാ വരുന്നു മറ്റൊരു പോസ്റ്റ് ക്യാമ്ബിലേയ്ക് കമ്ബിളി പുതപ്പുകള്‍ അത്യാവശ്യം ആണെന്ന്

    അതും കഴിഞ്ഞു അടുത്ത പോസ്റ്റ് എത്തി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ഗുളിക കഴിക്കണം എന്നു…

    വെളുപ്പിന് അടുത്ത പോസ്റ്റ് എത്തി അല്പം ശ്രദ്ധിക്കുക മഴ കനക്കുന്നു എന്ന്

    ഇതിനിടയ്ക്ക് എപ്പോള്‍ ഒക്കെയോ പുതിയ ഹാഷ് ടാഗുകളും മോട്ടിവേഷന്‍ പോസ്റ്റുമായി എത്തി…

    ഉദയം ആയപ്പോളേയ്ക്കും ദുരിതാശ്വാസ ക്യാമ്ബില്‍ വേണ്ട പുതിയ അവശ്യ സാധനങ്ങളുടെ ലിസ്റ്റും ആയി ആ മനുഷ്യന്റെ പുതിയ പോസ്റ്റ് എത്തി..

    പിന്നെയും മണിക്കൂറുകള്‍ ഇടവിട്ട് ഉപയോഗപ്രദമായ പോസ്റ്റുകള്‍ ഇട്ട് നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യന്‍

    നിങ്ങള്‍ക്ക് ഉറക്കം ഇല്ലേ മനുഷ്യാ…

    ഐ എ എസ്സ് കാര്‍ക്ക് മനുഷ്യത്വം ഇല്ല എന്നു പറയുന്നത് വെറുതെ ആണല്ലേ

    ഇനി പോയി കിടന്നു ഒന്നു ഉറങ്ങിക്കൂടെ


    Post Bottom Ad