• Breaking News

    നാട്ടുകാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു, അരുവിക്കരയിലെ കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം എങ്ങുമെത്തിയില്ല



    അരുവിക്കര: അരുവിക്കര ജലസംഭരണിക്കു സമീപം പണിപൂർത്തിയാക്കിയ കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം അധികൃതരുടെ അനാസ്ഥ കാരണം വൈകുന്നു. കുപ്പിവെള്ള പ്ലാന്റിന്റെ പ്രവർത്തനം സ്വകാര്യ കുപ്പിവെള്ള കമ്പനിക്ക് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് പ്ലാന്റിന്റെ പ്രവർത്തനം വൈകിപ്പിക്കുന്നതെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. അടിയന്തിരമായി പ്ലാന്റ് തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും അധികൃതർക്ക് അനക്കമില്ല. പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പ്ലാന്റ് തുറക്കാത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ പ്രക്ഷോഭ സമരങ്ങൾക്ക് ഒരുങ്ങുകയാണ്. 


    അരുവിക്കര ജലസംഭരണിക്കു സമീപമുള്ള വാട്ടർ അതോറിറ്റിയുടെ ഡിവിഷൻ ഓഫീസ് കാമ്പൗണ്ടിൽ 16-കോടി രൂപ ചെലവാക്കിയാണ് കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ചത്. അരലിറ്റർ, ഒരു ലിറ്റർ, 
    2-ലിറ്റർ, 20-ലിറ്റർ, എന്നീ ക്രമത്തിൽ പ്രതിമാസം നാലര ലക്ഷം ലിറ്റർ കുപ്പിവെള്ളം വിതരണം നടത്താനാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിദിനം എഴുപത്തിയഞ്ചോളം തൊഴിലാളികൾക്ക് നേരിട്ടും പ്രദേശത്തെ കയറ്റിറക്ക് തൊഴിലാളികൾക്ക് പരോക്ഷമായും ജോലി ലഭിക്കും. കുപ്പിവെള്ളം ഉപയോഗിക്കുന്ന ആയിരക്കണക്കിനു ഉപഭേക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കുകയും ചെയ്യും. പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി കഴിഞ്ഞ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ജലവിഭവ മന്ത്രിയുടെ ഓഫീസിൽ നിന്നും വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചു. അടിയന്തിരമായി കുപ്പിവെള്ള പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

    Post Bottom Ad