• Breaking News

    കല്ലേലി കാവില്‍ കളരിവിളക്ക് തെളിഞ്ഞു , ദ്രാവിഡ ജനതയുടെ അപൂര്‍വ അനുഷ്ഠാന പൂജ 21-ന്


    കോന്നി: ആദിദ്രാവിഡ നാഗഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്‌ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  21-ന് നിറഞ്ഞാടും. ഇതിന് മുന്നോടിയായി കളരി വിളക്ക് തെളിയിച്ചു. ആഴിപൂജയ്ക്കാവശ്യമായ വിവിധ ഔഷധ വിറകുകള്‍ 20-ന് ശേഖരിക്കും വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട്‌ ശബരിമല ഉത്സവ ഗുരുതിയ്‌ക്ക്‌ ശേഷം നടക്കുന്ന ആഴിപൂജ, വെള്ളംകുടി നിവേദ്യം , കളരിപൂജ, കുംഭപാട്ട്‌, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്‌ഥാനമായ കല്ലേലി കാവില്‍ നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ്‌ മുഖ്യ ഊരാളി ഭാസ്‌കരന്‍, വിനീത് ഊരാളി എന്നിവര്‍ കര്‍മ്മങ്ങള്‍ക്കു ദീപനാളം പകരും. പന്തളം18 കര, തട്ട 8 കര ,കോന്നി 300 കര, അരുവാപ്പുലം 500 കരകളുടെ നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച്‌ വിളിച്ചുചൊല്ലും. പരമ്പ് നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക്‌ നീട്ടിയിട്ട്‌ 101നിലവിളക്ക്‌ തെളിയിച്ച്‌ കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത് കരിക്ക്‌, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പ് എന്നിവ ചേര്‍ത്തു വെച്ച്‌ കളരി പൂജ സമര്‍പ്പിക്കും. കാട്ടു വിറകുകള്‍ കൊണ്ട്‌ ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച്‌ അകത്തും പുറത്തുമുള്ള കളരിയില്‍
    വെള്ളംകുടി നിവേദ്യം കലശമായി തളിക്കും. 999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പ്, ഉണക്കപ്പാള,
    ഉണക്കകമ്പ്  ചേര്‍ത്തുള്ള
    കുംഭപാട്ട്‌, ഭാരതകളി, തലയാട്ടം കളി എന്നിവ നടക്കും. 21-ന്  ഏഴരവെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ, സമുദ്രപൂജ, രാവിലെ 8.30 വാനരപൂജ, വാനരഊട്ട്, മീനൂട്ട്, ആനയൂട്ട്, പ്രഭാതപൂജ, ഒന്‍പത്‌ മണിക്ക്‌ നിത്യഅന്നദാനം, വൈകീട്ട് 6.30-ന് ദീപ നമസ്കാരം, സന്ധ്യാ വന്ദനം രാത്രി 8 മണി മുതല്‍ 41തൃപ്പടി പൂജ, കളരിപൂജ, ആഴിസമര്‍പ്പണം, ആഴിപൂജ, വെള്ളംകുടി നിവേദ്യം, ഭാരതക്കളി,തലയാട്ടം കളി , ചരിത്ര പുരാതനമായ കുംഭപ്പാട്ട് എന്നിവ നടക്കും.

    Post Bottom Ad