• Breaking News

    പതിനെട്ടുപടികളെയും സാക്ഷിയാക്കി ശബരിമലയിൽ ആലങ്ങാട് യോഗത്തിന്റെ ശീവേലി



    ശബരിമല: കര്‍പ്പൂര ദീപപ്രഭയാല്‍ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം നടത്തിയ ശീവേലി സിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് അവര്‍ ഭക്തിയുടെ നെറുകയില്‍ ചുവടുകള്‍ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന തിടമ്പും ചാര്‍ത്തിയാണ് ശീവേലി നടത്തിയത്. ശുഭ്രവസ്ത്രം ധരിച്ച്, വാലിട്ട് കണ്ണെഴുതി, കര്‍പ്പൂര താലമേന്തി നൂറുകണക്കിന് യോഗാംഗങ്ങള്‍ ശീവേലിയില്‍ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയ്ക്കല്‍ എത്തിയശേഷം, പടികള്‍ കഴുകി അവയില്‍ കര്‍പ്പൂരപൂജയും ആരാധനയും നടത്തി. തുടര്‍ന്ന് അയ്യപ്പദര്‍ശനത്തിനുശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി.
    ജനുവരി മൂന്നിന് ആലുവ മണപ്പുറം മഹാദേവക്ഷേത്രത്തില്‍ രഥഘോഷയാത്രയോടെ പുറപ്പെട്ട യോഗക്കാര്‍, ഒട്ടേറെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി
    12-ന് എരുമേലി പേട്ടതുള്ളലും നടത്തിയ ശേഷമാണ് 14-ന് വൈകിട്ട് സന്നിധാനത്ത് പതിനെട്ടാം പടിയില്‍ സ്വീകരണം ഏറ്റുവാങ്ങിയത്. യോഗപെരിയോന്‍ അമ്പാട്
    എ.കെ.വിജയകുമാര്‍, യോഗപ്രതിനിധികളായ
    എം.എന്‍.രാജപ്പന്‍ നായര്‍,
    പി.കെ.രാജേഷ് കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം സന്നിധാനത്ത് എത്തിയത്.

    Post Bottom Ad