• Breaking News

    ആചാരങ്ങളുടെ നിറവില്‍ ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് സമാപനം


    ശബരിമല: ശബരിമലയിലെ മകരവിളക്ക് മഹോത്സവം ആചാരപരമായ ചടങ്ങുകളോടെ ചൊച്ചാഴ്ച രാവിലെ 6.30-ന് സമാപിച്ചു. രാജപ്രതിനിധിയുടെ പന്തളത്തേക്കുള്ള മടക്കയാത്രയോടെയായിരുന്നു സമാപനം. രാവിലെ അഞ്ച് മണിക്ക് നടതുറന്ന ശേഷം അഭിഷേകവും ഗണപതിഹോമവും ഉഷനിവേദ്യവും കഴിഞ്ഞാണ് രാജപ്രതിനിധി അയ്യപ്പ ദര്‍ശനത്തിനെത്തിയത്. അപ്പോഴേക്കും മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി ശ്രീകോവിലിലെ വിളക്കുകളെല്ലാം കത്തിച്ച്, അയ്യപ്പ വിഗ്രഹത്തെ ശിരോവസ്ത്രമണിയിച്ച്, അമ്പും വില്ലും ചാര്‍ത്തി ഒരുക്കിയിരുന്നു. രാജപ്രതിനിധിയുടെ ദര്‍ശന സമയത്ത്, അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന സങ്കല്‍പ്പത്തില്‍ മേല്‍ശാന്തി നീരാജനം കത്തിച്ച് ഇടതു കൈയില്‍പ്പിടിച്ച് കതകിന് പിന്നില്‍ മറഞ്ഞു നിന്നു. ഈ സമയത്ത് പതിനെട്ടാംപടിക്ക് മുകളില്‍ മറ്റാരും ഉണ്ടാകരുതെന്നാണ് ആചാരം.


    രാജപ്രതിനിധി അയപ്പനോട് കൈകൂപ്പി വിടചോദിച്ച ശേഷം മേല്‍ശാന്തി വിഗ്രഹത്തിലെ ശിരോവസ്ത്രവും ചാര്‍ത്തിയ അമ്പ്, വില്ല് എന്നിവയും മാറ്റി ഭസ്മാഭിഷേകം നടത്തി രുദ്രാക്ഷമാലയും യോഗദണ്ഡവും അണിയിച്ച് അയ്യപ്പവിഗ്രഹത്തെ ധ്യാനനിരത രൂപമാക്കി. ശ്രീകോവിലിലെ വിളക്കുകള്‍ ഓരോന്നായി അണച്ച് ഒരു വിളക്കിന്റെ മാത്രം വെളിച്ചത്തില്‍ രാജപ്രതിനിധിയോട് ശ്രീകോവില്‍ അടയ്ക്കാനുള്ള അനുവാദം വാങ്ങി. തുടര്‍ന്ന് കര്‍പ്പൂരദീപം കൊളുത്തി നടയടച്ചുപൂട്ടിയശേഷം താക്കോല്‍ രാജപ്രതിനിധിയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് നീരാജനവുമായി മേല്‍ശാന്തിയും വാളും പരിചയുമേന്തിയ പടക്കുറിപ്പിന്റെ അകമ്പടിയോടെ രാജപ്രതിനിധിയും ക്ഷേത്രം പ്രദക്ഷിണംവച്ചു.

    കുറുപ്പും മേല്‍ശാന്തിയും പടിയിറങ്ങിയതിനുശേഷം രാജപ്രതിനിധി നാളികേരമുടച്ച് പതിനെട്ടാംപടിയടച്ച് താഴേക്കിറങ്ങി. ഒരുവര്‍ഷത്തെ വരവുചെലവുമിച്ചമെന്ന സങ്കല്‍പ്പത്തില്‍ മേല്‍ശാന്തി ഒരു പണക്കിഴി പതിനെട്ടാംപടിക്ക് താഴെയെത്തി രാജപ്രതിനിധിയെ ഏല്‍പ്പിച്ചു. അതിനുശേഷം അടുത്തവര്‍ഷം വരെ മാസപൂജ നടത്തുന്നതിനായി ശ്രീകോവിലിന്റെ താക്കോല്‍ രാജപ്രതിനിധി മേല്‍ശാന്തിയെ ഏല്‍പ്പിച്ചു. പിന്നീട് ഒട്ടും വൈകാതെ പരിവാരസമേതം പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. പന്തളത്തേക്കുള്ള തിരുവാഭരണം എഴുന്നള്ളത്തോടെയാണ് മകരവിളക്ക് മഹോത്സവത്തിന്റെ ശബരിമലയിലെ ചടങ്ങുകള്‍ അവസാനിച്ചത്. കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 13 നാണ് നട തുറക്കുക. തുടര്‍ന്ന് 18വരെ ദര്‍ശനമുണ്ടാകും.

    Post Bottom Ad