• Breaking News

    മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്; പിന്നില്‍ സി.ഐ.ടിയുക്കാരെന്ന് ആരോപണം

    Attack on Muthoot employees Two injured; CITU accused,www.thekeralatimes.com


    തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ഓഫീസ് തുറക്കാനെത്തിയ രണ്ട് ജീവനക്കാരെയാണ് ആക്രമിച്ചത്. പരിക്കേറ്റ രണ്ട് പേരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സി.ഐ.ടി.യുക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇവരുടെ ആരോപണം.

    നേരത്തെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടറിന്റെ വാഹനത്തിന് നേരെയും കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്‌സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുത്തൂറ്റിന്റെ കൊച്ചിയിലെ പ്രധാന ഓഫീസായ ബാനര്‍ജി റോഡിലെ ഓഫീസിലേക്ക് വരുമ്പോഴാണ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

    43 ശാഖകളില്‍ നിന്ന് യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിലൂള്ള പണിമുടക്ക് തുടങ്ങിയിരുന്നു. നേരത്തെ നടന്ന സമരത്തില്‍ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പിരിച്ചു വിട്ടതെന്നും എളമരം കരീം ആരോപിച്ചിരുന്നു.

    മാനേജ്‌മെന്റുമായുണ്ടാക്കിയ സേവന വേതന കരാര്‍ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 20- ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടു നിന്നു. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ പത്തിന് സമരം അവസാനിപ്പിച്ചത്.

    ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, താത്കാലികമായി 500 രൂപ ശമ്പളം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്.

    ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു. 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

    Post Bottom Ad