• Breaking News

    ആരിഫ് ഖാന് എതിരെ മുന്‍ ഗവര്‍ണര്‍ പി. സദാശിവം; കേന്ദ്രത്തിന് എതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല

    Former governor of Kerala Sadashivam; The government is not obliged to notify the Governor when filing petitions against the Center,www.thekeralatimes.com


    കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ലെന്ന് മുന്‍ ഗവര്‍ണര്‍ പി. സദാശിവം. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിയമത്തിനതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്നായിരുന്നു ആരിഫ് ഖാന്റെ വാദം.

    ‘മര്യാദയെന്ന നിലയില്‍ ഗവര്‍ണറെ ഇത്തരം അവസരങ്ങളില്‍ സര്‍ക്കാരിന് വിവരം അറിയിക്കാം. അദ്ദേഹം ഭരണഘടന പരമായി സംസ്ഥാനത്തിന്റെ തലവനാണ്. ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാദ്ധ്യത ഇല്ല’ ജസ്റ്റിസ് സദാശിവം പറഞ്ഞു. അങ്ങനെ എല്ലാ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ നേരത്തേ തള്ളിയിരുന്നു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

    ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാരിന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കിയിരുന്നു.

    ഗവര്‍ണറെ മനഃപൂര്‍വ്വം അവഗണിച്ചതല്ലെന്നും രാജ്ഭവനുമായി ഏറ്റുമുട്ടാനില്ലെന്നുമാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചത്. സര്‍ക്കാര്‍ വിശദീകരണം ചീഫ് സെക്രട്ടറി വാക്കാലാണ് ഗവര്‍ണറെ അറിയിച്ചത്.

    Post Bottom Ad