• Breaking News

  'ഗവര്‍ണര്‍ കസേരയിലിരുന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പണി എടുക്കുകയാണ് അദ്ദേഹം'; ഭരണഘടനാ വിരുദ്ധ നിലപാടെടുത്താല്‍ ജനം ചോദ്യം ചെയ്തിരിക്കും: മുഹമ്മദ് റിയാസ്

  'He is taking on the role of BJP state president in the governor's chair'; People would question if they were unconstitutional: Mohammed Riaz,www.thekeralatimes.com


  തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച കേരള സര്‍ക്കാരിനെ വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.

  ഇവിടെ ഗവര്‍ണര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പണിയാണ് എടുക്കുന്നതെന്നും സാധാരണ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ കസേരയില്‍ ഇരുന്നവരാണ് ഗവര്‍ണര്‍ ആകുകയെന്നും ഇവിടെയൊരു വ്യത്യാസം ഗവര്‍ണറായിരിക്കുമ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പണി കൂടി എടുക്കുന്നു എന്നതാണെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.

  ഗവര്‍ണര്‍ ഗവര്‍ണറുടേതായ പണിയെടുത്തിട്ടില്ലെങ്കില്‍ സ്വാഭാവികമായും ജനാധിപത്യ പരമായ പ്രതിഷേധം ഉയര്‍ന്നുവരും. കേരളം ഇന്നുവരെ കാണാത്ത ഏറ്റവും നിലവാരം കുറഞ്ഞ, ഭരണഘടനാ വിരുദ്ധ സമീപനം കൈക്കൊള്ളുന്ന വ്യക്തിയായി ഗവര്‍ണര്‍ മാറിയിരിക്കുന്നു. ഇതേ സമീപനവുമായി മുന്നോട്ടുപോകാനാണ് ഗവര്‍ണറുടെ തീരുമാനമെങ്കില്‍ ഒരു സംശയവും വേണ്ട ജനാധിപത്യകേരളം പ്രതികരിക്കും. – റിയാസ് പറഞ്ഞു.

  ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’യെന്ന പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും ഭരണഘടനാ വിരുദ്ധ നിലപാടാണ് ഗവര്‍ണര്‍ തുടര്‍ച്ചയായി കൈക്കൊള്ളുന്നതെന്നും റിയാസ് പറഞ്ഞു.

  കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയാണ് ഇത്. ഇന്ത്യയുടെ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനും പറ്റിയ ഗവര്‍ണര്‍ ആയിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന 159 ന് വിരുദ്ധമായ നിലാപാടാണ് ഗവര്‍ണര്‍ കൈക്കൊള്ളുന്നത്.

  പൂഞ്ചിക്കമ്മീഷന്‍ റിപ്പോര്‍ട്ടായാലും സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടായാലും ഗവര്‍ണര്‍ ഒരു സംസ്ഥാനത്തിന്റെ പ്രാദേശിക രാഷ്ട്രീയ വിഷയത്തിനകത്ത് നിലപാട് പരസ്യമായി പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

  ഗവര്‍ണര്‍ പരസ്യമായി സര്‍ക്കാരിനെതിരെ നിലപാട് കൈക്കൊള്ളുന്നു. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ അഭിപ്രായങ്ങള്‍ പരസ്യമായി പറയുന്നു. എന്തുകൊണ്ടാണ് ഒരു സംസ്ഥാനത്തിന് പുറത്തുള്ള ആളെ ആ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആക്കുന്നതെന്ന് നമുക്കറിയാം.

  ഭരണഘടന സൂചിപ്പിച്ചതും പല കമ്മീഷന്‍ നിര്‍ദേശങ്ങളുടേയും ഭാഗമായിട്ടാണ് സംസ്ഥാനത്തിന് പുറത്തുള്ള ആള്‍ ഗവര്‍ണര്‍ ആകുന്നത്. അതല്ലായിരുന്നെങ്കില്‍ ബി.ജെ.പി കുമ്മനം രാജശേഖരനെയോ പി.എസ് ശ്രീധരന്‍ പിള്ളയെയോ കേരളത്തിന്റെ ഗവര്‍ണര്‍ തന്നെ ആക്കുമായിരുന്നു.

  നേരത്തെ കുമ്മനം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ പരസ്യമായി അദ്ദേഹം കേരളത്തിലെ രാഷ്ട്രീയം പറയുന്നത് നമ്മള്‍ കേട്ടിട്ടില്ല. ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടി ഉദ്ഘാടനം ചെയ്യാനോ പ്രസംഗിക്കാനോ അവര്‍ വരാറില്ല. കുമ്മനത്തിനും ശ്രീധരന്‍ പിള്ളയ്ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഈ ഗവര്‍ണര്‍ക്കുള്ളത്?

  ഇത് വളരെ ബോധപൂര്‍വം സര്‍ക്കാരിനെ മോശമാക്കാനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായുള്ള രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളുകയുമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണര്‍ അദ്ദേഹം ഇരിക്കുന്ന കസേരയുടെ വിലയ്ക്ക് അനുസരിച്ച് പെരുമാറുന്നില്ല.

  ഗവര്‍ണര്‍ ഗവര്‍ണറുടെ പണിയെടുക്കണം. ഇല്ലെങ്കില്‍ ജനം ചോദ്യം ചെയ്യും. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധ നിലപാടെടുക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടും. മുന്‍പ് സുപ്രീം കോടതി തന്നെ ഇത്തരം നിലപാടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

  ഗവര്‍ണര്‍ വളരെ ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. അമിത് ഷായും മോദിയും ഉദ്ദേശിച്ചതുപോലെ ഒരു പ്രവര്‍ത്തിയിലേക്കാണ് ഗവര്‍ണര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് തീക്കളിയാണ്.

  ഇവിടെ റബ്ബര്‍ സ്റ്റാമ്പ് ആരാണ്? ബി.ജെ.പിക്ക് കേരളത്തില്‍ അവരുടെ പ്രവര്‍ത്തനം നടത്താനുള്ള സംസ്ഥാന ഘടകം ഇല്ലാത്തതും കഴിവുള്ള നേതൃത്വം ഇല്ലാത്തതിനും പരിഹാരം കാണാന്‍ ഗവര്‍ണറെ അയക്കലല്ല. അത് മാന്യതയല്ല. ബി.ജെ.പിക്ക് നല്ല നേതാക്കള്‍ സംസ്ഥാനത്ത് ഇല്ലാത്തതിന്റെ ഭാഗമായി ഗവര്‍ണറുടെ കസേരിയിട്ട് ഒരാളെ ഇരുത്തിയാല്‍ അത് കേരളം അംഗീകരിക്കില്ല.

  എന്റെ പ്രവര്‍ത്തനം നടത്താന്‍ സമ്മതിക്കുന്നില്ല എന്ന് ഗവര്‍ണര്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അദ്ദേഹം തന്നെയാണ് തടയുന്നത്. അദ്ദേഹത്തെ തടയാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചാല്‍ ഗവര്‍ണര്‍ തെരുവ് കാണില്ല. പക്ഷേ ഞങ്ങള്‍ അത്തരമൊരു സമീപനം സ്വീരിക്കില്ല.
  ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി അദ്ദേഹത്തിന്റെ ജോലിചെയ്യാം. എന്നാല്‍ ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ ജനാധിപത്യ -ഭരണ ഘടനാ വിരുദ്ധ നിലപാട് തന്നെയാണ് തടസമാകുന്നത്. ഗവര്‍ണര്‍ കണ്ണാടി നോക്കണം. ഭരണഘടന സംരക്ഷിക്കേണ്ട വ്യക്തി അത് ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിച്ചിരിക്കും- റിയാസ് പറഞ്ഞു.