• Breaking News

    കർഷകശ്രേഷ്ഠ അവാർഡ് ഗീതയ്ക്ക് ; ഹരിത താളമായി മലയോര കർഷ കോൺഗ്രസ്


    പാലോട് : പാലോട് മേളയുടെ ഭാഗമായി സമ്മാനിക്കുന്ന കർഷകശ്രേഷ്ഠ അവാർഡ് ഗീതയ്ക്ക്. മലയോര കർഷ കോൺഗ്രസിൽ കർഷക ശ്രേഷ്ഠ പുരസ്കാരവും പതിനായിരം രൂപ ക്യാഷ്‌ അവാർഡും കരസ്ഥമാക്കി വനിതാ കർഷകയും 15 അംഗ ജൈവ കർഷക കൂട്ടായ്മയും താരങ്ങളായി. സമ്മിശ്ര കൃഷിയിലൂടെ പേരെടുത്ത ആനകുളം സ്വദേശിനി ഗീതയ്ക്കാണ് ഇത്തവണ കർഷക ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ചത്. ഒമ്പത് പശുക്കളും 200 കോഴിയും അത്രതന്നെ താറാവും ഗീത തന്റെ കൃഷിയിടത്തിൽ പോറ്റുന്നു. പയറ്, ചീര, വെണ്ട, കത്തിരി, മുളക്, വഴുതന, നിത്യവഴുത എന്നിങ്ങനെ കൃഷിവിളകൾ വേറെയുമുണ്ട്. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് സമ്മിശ്ര കൃഷിയിലൂടെ ഗീതയ്ക്ക് ലഭിക്കുന്ന വരുമാനം. ഗീതയുടെ നേതൃത്വത്തിലുള്ള ഗ്രാമാമൃതം കർഷക കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ ശ്രീജിത്ത് പൗവ്വത്തുർ, അംഗങ്ങളായ തോട്ടുംപുറം ബാലകൃഷ്ണനായർ, ചോനൻവിള സെൽവരാജ് , ആനക്കുഴി ചന്ദ്രൻ, മീൻമുട്ടി സുരേന്ദ്രൻ, യുവകർഷക ആനക്കുളം സ്വദേശിനി ജയലക്ഷ്മി, ശാന്തിപ്രിയൻ, ഷീല, ഹിമ, ലിജി, രജിത, ദീപ എന്നിവരാണ് കർഷക കോൺഗ്രസിൽ തിളങ്ങിയത്. നാല് എക്കർ സ്ഥലത്ത് 11 വ്യത്യസ്ത തരം മരിച്ചീനികൾ കൃഷി ചെയ്ത് വിളവെടുക്കുന്ന കർഷകനാണ് തോട്ടുംപുറം ബാലകൃഷ്ണനായർ, ശ്രീജിത്ത് ഒന്നര എക്കറിൽ ചീര, പയർ, വെണ്ട, മല്ലിയില, പുതിന,മില്ലറ്റുകൾ, ചോളം എന്നിവ കൃഷി ചെയ്യുന്നു. 2018-ൽ മലയോര കർഷക കോൺഗ്രസിൽ ഒന്നാം സ്ഥനം നേടിയ ചോനൻവിള സെൽവരാജ് രണ്ടര എക്കറിൽ വെറ്റക്കൊടിയും പയറും പാവലും സലാഡ് വെള്ളരിയുമാണ് കൃഷി. വാഴകർഷകനായ ആനക്കുഴി ചന്ദ്രൻ നാലായിരത്തോളം വാഴയും വെള്ളരി, പടവലം, വെണ്ട മുതലായവയും കൃഷി ചെയ്യുന്നുണ്ട്. മീൻമുട്ടിയിൽ നാല് എക്കർ സ്ഥലത്ത് കൃഷി ചെയുന്ന സുരേന്ദ്രൻ വാഴ, പച്ചക്കറി, മില്ലറ്റ്, മത്സ്യകൃഷി, കപ്പ എന്നിവയിലാണ് ശ്രദ്ധ നൽകുന്നത്. കോഴി, പശു, ആട് വളർത്തലിൽ കഴിവുതെളിയിച്ച  ജയലക്ഷ്മിയും ഒന്നര എക്കർ സ്ഥലത്ത് ചുവന്ന ചീര എറ്റവും കൂടുതൽ വിളവെടുത്ത കർഷകൻ ശാന്തിപ്രിയനും വേദിയിൽ ഏറെ കൈയടി നേടി. മൺകലത്തിൽ തയ്യാറാക്കുന്ന ജൈവ ഭക്ഷണമാണ് ഷില, ഹിമ, ലിജി, രജിത, ദീപ എന്നിവരെ ശ്രദ്ധേയരാക്കിയത്. ഇലയടയും കപ്പയും എഴിനം ചമ്മന്തിയും മുരിങ്ങയില സൂപ്പും അഗതിയില ജൂസും പലതരം നാടൻ കറികളും ചക്കപ്പായസവും കരിക്ക് പായസവുമാണ് ഈ ടീമിന്റെ സ്‌പെഷ്യൽ. കരകുളം സമഭാവന റസിഡൻസ് സംഘടിപ്പിക്കുന്ന സൺഡേ മാർക്കറ്റ് (ഞായറാഴ്ച ജൈവ ചന്ത) മുടങ്ങാതെ അറുപത് ആഴ്ച  പിന്നിട്ടതിനു പിന്നിൽ ഗ്രാമാമൃതം ഗ്രൂപ്പാണ്. തിരുവനന്തപുരം ജില്ലയിൽ ജൈവചന്ത അഞ്ഞുറിലേറേ വേദികൾ പിന്നിട്ടു കഴിഞ്ഞു. കർഷകസംഗമം ഉദ്‌ഘാടനവും കർഷക ശേഷ്ഠ അവാർഡ് ദാനവും ജില്ല പഞ്ചായത്ത് പ്രസിഡന്റും മേള മുഖ്യ രക്ഷാധികാരിയുമായ വി.കെ.മധു നിർവഹിച്ചു. മേള ട്രഷറർ വി.എസ്. പ്രമോദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, റബർ പ്രൊഡക്ഷൻ സൊസൈറ്റിസ് റീജിയണൽ സെക്രട്ടറി ബി.എൽ. കൃഷ്ണപ്രസാദ്, മേള ചെയർമാൻ എം.ഷിറാസ്ഖാൻ, ജനറൽ സെക്രട്ടറി ഇ.ജോൺകുട്ടി, കൺവീനർ ജി.കൃഷ്ണൻകുട്ടി, എം.പി വേണുകുമാർ, ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

    Post Bottom Ad