• Breaking News

    സിഎജി റിപ്പോര്‍ട്ടില്‍ തത്ക്കാലം മറുപടി പറയേണ്ടെന്ന നിലപാടില്‍ സിപിഎം; വിവാദങ്ങള്‍ക്കിടെ സംസ്ഥാന സമിതി യോഗം ഇന്ന്

    CPM not to reply to CAG report periodically  State Committee to meet today,www.thekeralatimes.com

    തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം ഇന്നാരംഭിക്കും. സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കാര്യങ്ങളില്‍ ഭൂരിഭാഗവും യുഡിഎഫ് ഭരണകാലത്തായതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ അത് പാര്‍ട്ടിയെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.

    ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയ സംഭവമൊഴിച്ചാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഭൂരിഭാഗം ക്രമക്കേടുകളും നടന്നിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഇന്നാരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തിലും സി.എ.ജി റിപ്പോര്‍ട്ടിലെ വിഷയങ്ങള്‍ ഉയര്‍ന്ന് വരും.

    അതേസമയം, സര്‍ക്കാരുമായി പരമാവധി സഹകരിച്ചു പോകുന്ന ലോക്‌നാഥ് ബെഹ്‌റക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നാല്‍ അത് മുഖ്യമന്ത്രിയെ കൂടി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ബെഹ്‌റയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചക്കു വന്നേക്കില്ല. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിംഗാണ് യോഗത്തിന്റെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പൗരത്വ നിയത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ള കൂടുതല്‍ സമരപരിപാടികള്‍ സംസ്ഥാനസമിതി തീരുമാനിച്ചേക്കും.

    സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയും യോഗത്തില്‍ വിമര്‍ശം ഉയരാന്‍ സാധ്യതയുണ്ട്. പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിന് ശേഷമുള്ള ആദ്യ യോഗമായത് കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എതിര്‍ വിഭാഗങ്ങള്‍ ഉന്നയിച്ചേക്കാം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരിത്തും.

    Post Bottom Ad