• Breaking News

  ദുരിതാശ്വാസത്തിന്റെ പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും സംഘവും നാട്ടുകാരുടെ പണം പിരിച്ച സംഭവത്തില്‍ പരാതിയുമായി ഒ.രാജഗോപാല്‍ എംഎൽഎ

  O Rajagopal MLA complains about Aashiq Abu and Rima Kallingal,www.thekeralatimes.com

  തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പ്രോഗ്രാം ഇപ്പോൾ വലിയ വിവാദത്തിലായിരിക്കുകയാണ്. പരിപാടിയിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തതാണ് വിവാദങ്ങള്‍ക്ക് കാരണം. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ആ ആരോപണം മുഖ്യമായി ഉന്നയിച്ചത്. തുടർന്ന് ബിജെപി എംഎ‍ല്‍എ ഒ.രാജഗോപാല്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.

  റീമ കല്ലിങ്കലും ആഷിക് അബുവും സംഘവുമായിരുന്നു പരിപാടിയുടെ സംഘാടകർ. സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രാജഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. “നാട് പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ…പരസ്പര സഹായഹസ്തവുമായി നാട് മുഴുവനും നെട്ടോട്ടം ഓടിയപ്പോൾ…ഇതിന്റെ മറവിൽ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോ ??? കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക……” എന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.  ‘2019 നവംബര്‍ ഒന്നിന് കൊച്ചിയില്‍ കരുണ ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് സമാഹരിച്ച ഇനിയും കൈമാറിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ വാര്‍ത്തയില്‍ നിന്ന് അറിയാന്‍ സാധിച്ചു. എന്‍.ശിവകുമാര്‍ എന്ന വ്യക്തി വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടിയും ഫണ്ടിലേക്ക് തുക ലഭിച്ചിട്ടില്ലെന്നാണ്.’ സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

  കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിനായിരുന്നു കണ്‍സേര്‍ട്ട്. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനമെന്ന് സംഗീത സംവിധായകന്‍ ബിജിബാല്‍ വ്യക്തമാക്കിയിരുന്നു. ബിജിബാലിനെ കൂടാതെ സംവിധായകന്‍ ആഷിഖ് അബു, ഗായകരായ ഷഹബാസ് അമന്‍, സയനോര എന്നിവരും പിന്നണിയില്‍ നിറഞ്ഞു. റിമ കല്ലിങ്കലും മുന്നണിയില്‍ ഉണ്ടായിരുന്നു.

  സിനിമാഗാനങ്ങള്‍ മാത്രമല്ലാതെ സംഗീതത്തെ സാധാരണക്കാരിലെത്തിക്കുക എന്നുള്ളതും ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നു. ശാസ്ത്രീയ സംഗീതം, നാടോടി സംഗീതം, നാടന്‍പാട്ട്, കഥകളി പദം, സൂഫി, ഖവാലി,തോറ്റംപാട്ട് തുടങ്ങിയ സംഗീതത്തിന്റെ വിവിധ ശാഖകള്‍ മ്യൂസിക് കണ്‍സേര്‍ട്ടിന്റെ ഭാഗമായി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന കണ്‍സേര്‍ട്ടിലേക്ക് ആളുകള്‍ ഒഴുകിയെത്തി. 500, 1500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകള്‍. സാമ്പത്തികമായി വലിയ ലാഭമായിരുന്നു പരിപാടിയെന്നാണ് സൂചന. എന്നാല്‍ ഈ ലാഭം സംസ്ഥാന സര്‍ക്കാരിന് കൈമാറിയില്ല. ഇതാണ് വിവരാവകാശത്തിലൂടെ പുറത്തു വരുന്ന വിവരം. യുവമോര്‍ച്ച്‌ നേതാവ സന്ദീപ് വാര്യരിന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

  പ്രളയ ദുരിതാശ്വാത്തിനായി കരുണ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി എന്ന് പ്രചരിപ്പിച്ച്‌ കൊച്ചിയില്‍ മ്യൂസിക് ഷോ അരങ്ങേറിയിരുന്നു. പരിപാടി വന്‍ വിജയമായിരുന്നിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്‍ ഫീസ് ഇടാക്കാതെ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇത്രയും തുക എന്ത് ചെയ്‌തെന്നാണ് സംഘാടകര്‍ വ്യക്തമാക്കാത്തത്. അതിനിടെ മാര്‍ച്ച്‌ 31 മുമ്പ് പണം കൊടുക്കുമെന്ന് സംഘാടകര്‍ വിശദീകരിക്കുന്നുമുണ്ട്. എത്ര തുക കൈമാറുമെന്നതാണ് ഇതില്‍ നിര്‍ണ്ണായകം.