• Breaking News

    കേരളത്തിന് വീണ്ടും അവഗണന; പദ്മ പുരസ്‌കാരത്തിനായി എം.ടിയും മമ്മൂട്ടിയും ഉള്‍പ്പെടെ കേരളം നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ തള്ളി

    Kerala ignored again The recommendations of MT, Mammootty and Kerala for the Padma awards were rejected,www.thekeralatimes.com

    കേരളത്തിനോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണന തുടരുന്നു. ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് കേന്ദ്രം പട്ടിക പ്രഖ്യാപിച്ചത്.

    പത്മവിഭൂഷന്‍ പുരസ്‌കാരത്തിനായി എം ടി വാസുദേവന്‍ നായരുടെ പേര് അടക്കം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയാശാന്‍, അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന, കവി സുഗതകുമാരി, ചെണ്ടയുടെ ആശാന്‍മാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍ മാരാര്‍, ഓസ്‌കര്‍ ജേതാവായ ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കാണ് പദ്മഭൂഷന്‍ പുരസ്‌കാരത്തിന് ശുപാര്‍ശ നല്‍കിയത്.

    ഇതിന് പകരം കേരളത്തില്‍ നിന്ന് ആത്മീയരംഗത്ത് നിന്ന് ശ്രീ എമ്മിനും (മുംതാസ് അലി), നിയമപണ്ഡിതന്‍ പ്രഫ.എന്‍.ആര്‍ മാധവമേനോന് മരണാനന്തരമായും പത്മഭൂഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ കെ എസ് മണിലാല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോള്‍, എഴുത്തുകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും നല്‍കി.

    സൂര്യ ഫെസ്റ്റിവല്‍ സംഘാടകനായ സൂര്യ കൃഷ്ണമൂര്‍ത്തി, സംഗീതജ്ഞ കെ ഓമനക്കുട്ടി, കഥകളി ആശാന്‍ സദനം കൃഷ്ണന്‍കുട്ടി നായര്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍, സംഗീതജ്ഞന്‍ രമേശ് നാരായണന്‍, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, അഭിനേത്രി കെപിഎസി ലളിത, എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി, സാമൂഹ്യപ്രവര്‍ത്തനത്തിന് ബിഷപ്പ് സൂസൈപാക്യം, സിനിമയിലെ സംഭാവനകള്‍ക്ക് ജി കെ പിള്ള, മാധ്യമപ്രവര്‍ത്തകന്‍ കെ മോഹനന്‍, എഴുത്തുകാരായ വിപി ഉണിത്തിരി, ഡോ. ഖദീജ മുംതാസ്, കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി, അഭിനേതാവ് നെടുമുടി വേണു, ഗായകന്‍ എം ജയചന്ദ്രന്‍, പ്രശസ്ത കാന്‍സര്‍ ചികിത്സകന്‍ ഡോക്ടര്‍ വി പി ഗംഗാധരന്‍, മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് എം എസ് മണി, യോഗ- നാച്ചുറോപ്പതി രംഗത്തെ സംഭാവനകള്‍ക്ക് എം കെ രാമന്‍ മാസ്റ്റര്‍, ഡോ. ടി കെ ജയകുമാര്‍ എന്നിവര്‍ക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കാനും ശുപാര്‍ശ നല്‍കിയിരുന്നു.

    കാബിനറ്റ്, ആഭ്യന്തര സെക്രട്ടറിമാര്‍, പ്രസിഡന്റിന്റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് മുതല്‍ ആറ് വരെ അംഗങ്ങളെ ചേര്‍ത്താണ് പത്മ അവാര്‍ഡ് കമ്മിറ്റി രൂപീകരിക്കുന്നത്. പ്രധാനമന്ത്രിയാണ് ഈ കമ്മറ്റി രൂപീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിച്ച് അതില്‍ നിന്നും തിരഞ്ഞെടുത്ത പേരുകള്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ മമ്മൂട്ടിയുടെയും എംടിയുടെയും പേര് ഇതിനായി പരിഗണിക്കപ്പെട്ടില്ല എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്

    Post Bottom Ad