• Breaking News

  സൗമ്യയുടെ മരണശേഷമുള്ള സുരക്ഷാ വാഗ്‌ദാനമെല്ലാം പാഴ്‌വാക്ക്; ട്രെയിനുകളിൽ നടക്കുന്ന അതിക്രമങ്ങൾ പുറത്ത്

  All promises of security after Soumya's death come to nothing; Violence in trains outside,www.thekeralatimes.com

  തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരിയായിരുന്ന സൗമ്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവശേഷം കേരളത്തിലെ ട്രെയിനുകളിൽ വർദ്ധിപ്പിച്ച സുരക്ഷയൊക്കെ പാഴ് വാക്കായി!!. കേരള പൊലീസിന് സ്വന്തമായി വനിതാ കമാൻഡോസ് ഉൾപ്പെടെ സുശക്തമായ സേനാ സംവിധാനങ്ങളുണ്ടെങ്കിലും ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷയുടെ കാര്യത്തിൽ കാര്യമായ ശ്രദ്ധ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കഴി‌ഞ്ഞ ദിവസം തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ് പ്രസിലും ചെന്നൈ- മാംഗ്ളൂർ സൂപ്പർ ഫാസ്റ്റ് എക്സ് പ്രസിലും യാത്രക്കാരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തോടെയാണ് ട്രെയിൻ സുരക്ഷയുടെ പൊള്ളത്തരങ്ങൾ വെളിപ്പെട്ടത്.

  സൗമ്യ സംഭവത്തിനുശേഷം അനധികൃതമായി ട്രെയിനുകളിൽ പ്രവേശിക്കുന്ന യാചകരെയും സമൂഹവിരുദ്ധരെയും മോഷ്ടാക്കളെയും മറ്റും തുരുത്തിയിരുന്നെങ്കിലും ഇപ്പോൾ ഏത് ട്രെയിനിലും ആർക്കും കയറാമെന്നാണ് സ്ഥിതി. എ.സി കോച്ചുകളിലും സുരക്ഷ തഥൈവയായിക്കൊണ്ടിരിക്കുകയാണ്. ട്രെയിനുകളിൽ രാത്രി പേരിന് ഒന്നോ രണ്ടോ പേരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുമെന്നല്ലാതെ മോഷ്ടാക്കളെയോ കുറ്റവാളികളെയോ തിരിച്ചറിയാനോ കവർച്ചകളോ അട്ടിമറി ശ്രമങ്ങളോ തടയാനോ ഫലപ്രദമായ യാതൊരു സംവിധാനവുമില്ല. ട്രെയിനുകളിൽ റെയിൽ അലർട്ട്,​ മിത്ര,​ ആർ.പി.എഫ് എന്നിവരുടെ ഫോൺനമ്പരുകൾ പതിച്ചിരിക്കുന്നത് മാത്രമാണ് സുരക്ഷയായി ചൂണ്ടിക്കാട്ടാനാകുന്നത്.പ്രധാന റോഡുകളും പട്ടണങ്ങളും വിട്ട് ഉൾപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ യാത്രയ്ക്കിടെ ഫോണുകൾക്ക് പലതിനും റേഞ്ച് കിട്ടാറില്ല. കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചാൽ ട്രെയിനിൽ നിന്ന് ഡ്യൂട്ടിക്കാർ അറ്റൻഡ് ചെയ്യുന്ന സംഭവങ്ങളും വിരളമാണ്. അടുത്ത സ്റ്റോപ്പിൽ നിന്നാകും പലപ്പോഴും പൊലീസോ ആർ.പി.എഫോ കാര്യം അന്വേഷിച്ചെത്തുക. ട്രെയിൻ നിറുത്താനായി വേഗത കുറയ്ക്കുമ്പോൾ തന്നെ കുറ്റവാളികൾ സുരക്ഷിതമായി രക്ഷപ്പെടുകയും ചെയ്യും.

  റെയിൽവേ എസ്. പിയുടെ കീഴിൽ സംസ്ഥാനത്ത് 13 റെയിൽവേ പൊലീസ് സ്റ്റേഷനുണ്ടെങ്കിലും തിരുവനന്തപുരം,​ എറണാകുളം,​ പാലക്കാട് എന്നിവിടങ്ങളിലാണ് 24 മണിക്കൂറും ഡ്യൂട്ടിയ്ക്കായി അൽപ്പമെങ്കിലും അംഗബലമുള്ളത്. മറ്റ് സ്റ്റേഷനുകളിൽ വിരലിലെണ്ണാവുന്നവരേയുള്ളൂ. ഇവിടങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ പകൽ ഡ്യൂട്ടിയിൽ ആളുണ്ടാകുമെന്നല്ലാതെ പ്രയോജനമൊന്നുമില്ല. ഇത്തരം സ്ഥലങ്ങളിൽ ട്രെയിനിൽ എന്തെങ്കിലും തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ റെയിൽ അലർട്ടിൽ നിന്ന് ലോക്കൽ പൊലീസിന് കൈമാറുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവരാകും എത്തുക.

  സംസ്ഥാന പൊലീസിൽ നിന്ന് റെയിൽവേ പൊലീസിൽ പണിയെടുക്കുന്നവർക്ക് റെയിൽവേയാണ് ശമ്പളം നൽകേണ്ടത്. സാമ്പത്തിക ബാദ്ധ്യത ഭയന്ന് സംസ്ഥാന പൊലീസിൽ നിന്നുള്ളവരെ കൂടുതലായി നിയോഗിക്കാൻ റെയിൽവേ തയ്യാറല്ല. ദീർഘദൂര ട്രെയിനുകളിൽ തമിഴ്നാട്ടിലെ ഈറോഡ്,​ കോയമ്പത്തൂർ,​ സേലം എന്നിവിടങ്ങളിൽ നിന്നാണ് കവർച്ചാ സംഘങ്ങൾ ട്രെയിനുകളിൽ കൂടുതലായി കടക്കുന്നത്. തമിഴ് തിരുട്ട് സംഘങ്ങളുൾപ്പെടെ യാത്രക്കാരെന്ന വ്യാജേന കയറി കവർച്ച നടത്തിയശേഷം അടുത്ത സ്റ്റോപ്പുകളിൽ ഇറങ്ങി രക്ഷപ്പെട്ട് പോകുന്നതാണ് രീതി.

  ലാത്തി പോലുമില്ലാത്ത പൊലീസുകാർക്ക് ഇവരെ പ്രതിരോധിക്കാനും കഴിയില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുളള ലഹരി വസ്തുക്കളുടെ കടത്തും വൻതോതിൽ നടക്കുന്നുണ്ട്. പൊലീസിന്റെ നിരീക്ഷണത്തിലും പരിശോധനയിലുമുള്ള പിഴവുകൾ മുതലെടുത്താണ് കള്ളക്കടത്ത് നടക്കുന്നത്. ഡോഗ് സ്ക്വാഡും സ്വന്തമായി വാഹനവുമുൾപ്പെടെ മുമ്പത്തേക്കാൾ സാഹചര്യങ്ങൾ മെച്ചപ്പെട്ടെങ്കിലും നാട്ടിൽ ട്രെയിനിന് നിരന്തരം കല്ലെറിയുന്നവരെയും സമൂഹ വിരുദ്ധരെയും പോലും പിടികൂടാതെ നോക്കുകുത്തികളാണ് റെയിൽവേ പൊലീസും സംരക്ഷണ സേനയും എന്നാണ് ആക്ഷേപം.

  Post Bottom Ad