• Breaking News

    കരാർ ജീവനക്കാരൻ വാട്ടർ ടാങ്കിൽ വീണു മരിച്ച സംഭവം; കുടുംബത്തെ സഹായിക്കണം: ശബരീനാഥൻ എം.എൽ.എ


    തിരുവനന്തപുരം: അരുവിക്കര കുമ്മിയിലെ ജലഅതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റിലെ ഫില്‍റ്റര്‍ ഹൗസ് വൃത്തിയാക്കുന്നതിനിടയില്‍ ടാങ്കില്‍ വീണ് മരിച്ച കരാര്‍ തൊഴിലാളി രാജീവലോചനന്‍റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് ജോലിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും നേരില്‍ കണ്ട് ശബരീനാഥന്‍ എം.എല്‍.എ. കത്ത് നല്‍കി. 15 വര്‍ഷമായി ജല അതോറിറ്റിയില്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്ന
    രാജീവലോചനന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ വരുമാന മാര്‍ഗം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിന് പരമാവധി ധനസഹായവും ഉപജീവന മാര്‍ഗത്തിനായി കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലിയും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അരുവിക്കരയില്‍ ആരംഭിക്കുന്ന 
    പുതിയ കുപ്പിവെള്ള പ്ലാന്റില്‍ കുടുംബത്തിലെ ഒരംഗത്തിനു ശാശ്വതമായ ഒരു ജോലി കൂടി നല്‍കി രാജീവലോചനന്റെ കുടുംബത്തിനെ സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു.


    Post Bottom Ad