• Breaking News

    കൈറ്റ് ഐ.ടി. പരിശീലനം; മലപ്പുറത്ത് എൻ.ടി.യു ബഹിഷ്കരിച്ചു


    മലപ്പുറം: സംസ്ഥാനത്ത് നിലനിൽക്കുന്ന അതീവ ഗുരുതര സാഹചര്യം പരിഗണിക്കാതെ ഇന്നു മുതൽ അധ്യാപകർക്ക് മേൽ 'കൈറ്റ് ' അടിച്ചേൽപ്പിച്ച ഐ.ടി പരിശീലനം ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി ബഹിഷ്കരിച്ചു. കേന്ദ്ര സർക്കാരിന്റെ മുൻകരുതൽ നടപടികൾ അവഗണിച്ച്  സ്‌കൂളുകളിൽ അധ്യാപകർ പരിശീലനത്തിൽ ഏർപ്പെടുന്നതും ഇതിനായി അകലെയുള്ള അധ്യാപകരടക്കം യാത്ര ചെയ്ത് സ്‌കൂളുകളിൽ എത്തുന്നതും അത്യന്തം അപകടകരമാണ്.
    ആരോഗ്യവകുപ്പും സർക്കാരും അനിവാര്യമായവ ഒഴികെയുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഒന്നും പരിഗണിക്കാതെ പരിശീലനം ആരംഭിച്ച കൈറ്റ് അധികൃതരുടെ ധാർഷ്ട്യം അനുവദിക്കാനാകില്ല. അധ്യാപകരുടെ ജീവൻ പന്താടാനുള്ളതല്ല. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താതെയും വേണ്ടത്ര തയ്യാറെടുപ്പ് നടത്താതെയുമാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞകാല പരിശീലനങ്ങളൊക്കെ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്താണ് നടത്തിയിരുന്നത്. എന്നാലിപ്പോൾ ബന്ധപ്പെട്ട സമിതികളെ വിളിച്ച് ചർച്ച നടത്താതെ ഏകപക്ഷീയമായാണ് പരിശീലനം അടിച്ചേൽപ്പിച്ചിരിക്കുന്നത്.
    കഴിഞ്ഞ വർഷത്തെ ഐ.ടി പരിശീലനത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. അവധിക്കാലത്ത് പരിശീലനം നടത്തിയാൽ ആനുകൂല്യം നൽകേണ്ടി വരുമെന്നതിനാലാണ് ധൃതി പിടിച്ചു പരിശീലനം നടത്തിത്തീർക്കുന്നത്. പരിശീലനം അടിയന്തിരമായി മാറ്റിവെക്കണമെന്ന് എൻ.ടി.യു. മലപ്പുറം ജില്ല പ്രസിഡന്റ് എ.വി.ഹരീഷ്, ജില്ലാ ജനറൽ സെക്രട്ടറി വി.ലിജീഷ് എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.



    Post Bottom Ad