• Breaking News

    പനിയും ചുമയുമുള്ളവര്‍ മദ്യം വാങ്ങാന്‍ വരരുതെന്ന് ബെവ്‌കോ; ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ തിരക്ക് കുറയ്ക്കാന്‍ ക്രമീകരണം ഒരുക്കുമെന്ന് മന്ത്രി ടി. പി രാമകൃഷ്ണന്‍

    Bevco refuses to buy alcoholic beverages The Minister said that arrangements will be made to reduce congestion at the beverage outlets. P Ramakrishnan,www.thekeralatimes.com

    സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്ന് ബിവറേജസ് കോര്‍പറേഷന്റെ നിര്‍ദേശം. മദ്യം വാങ്ങി കഴിഞ്ഞും അതിനു മുമ്പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

    മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എല്ലാ ഷോപ്പുകളിലും നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 270 ഔട്ട്‌ലെറ്റുകളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്.

    ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    വിദേശമദ്യ ഷോപ്പുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. തുറന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. കൗണ്ടറുകള്‍ കൂട്ടുകയും പ്രീമിയം ഷോപ്പുകളാക്കി മാറ്റുകയും ചെയ്തിട്ടുള്ളതിനാല്‍ ഇപ്പോള്‍ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ പഴയ പോലെ വലിയ തിരക്കോ ക്യൂവോ ഇല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

    ക്യൂ ഉള്ള സ്ഥലങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പരസ്പരം സ്പര്‍ശനം വരാതെ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള സുരക്ഷാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാഹിയില്‍ ബാറുകള്‍ മാത്രമാണ് അടച്ചിട്ടുള്ളത്. ഷോപ്പുകള്‍ അടച്ചിട്ടില്ല. കേരളത്തിന്റെ സാഹചര്യത്തില്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.

    Post Bottom Ad