• Breaking News

    ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് കൊറോണ ബാധയെന്ന് റിപ്പോർട്ട്

    Coronavirus reports 254 Indian pilgrims stranded in Iran,www.thekeralatimes.com

    ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് കൊറോണ ബാധിച്ചതായി വാർത്താ ഏജൻസി ഐ.എ.എൻ.എസ്. റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ഖൂമിലാണ് രോഗബാധിതരുള്ളതെന്നാണ് റിപ്പോർട്ട്. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ആയിരത്തിയൊരുനൂറോളം തീര്‍ഥാടകരും മുന്നൂറോളം വിദ്യാര്‍ഥികളുമാണ് ഇറാനിലുള്ളത്. ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തീര്‍ഥാടകരില്‍ കൂടുതലും.

    രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവർ രാജസ്ഥാനിലെ ജയ്സാൽമേറിലടക്കം വിവിധ സൈനികകേന്ദ്രങ്ങളിൽ നിരീക്ഷണത്തിലാണ് ഇപ്പോള്‍.

    അതിനിടെ, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 137 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര (39), കേരളം (27), ഉത്തര്‍പ്രദേശ് (15), കര്‍ണാടകം (11) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഹരിയാണയില്‍ 14 വിദേശപൗരന്മാരുള്‍പ്പെടെ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍  113 പേര്‍ ഇന്ത്യക്കാരും 24 പേര്‍ വിദേശപൗരന്മാരുമാണ്. 14 പേര്‍ സുഖംപ്രാപിച്ചു.

    രാജ്യത്ത് വൈറസ് പരിശോധനയ്ക്കായി ദിവസങ്ങൾക്കകം 49 ലാബുകൂടി തുറക്കുമെന്ന് ഐ.സി.എം.ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഇന്ത്യയില്‍ വൈറസ്ബാധ മൂന്നാംഘട്ടത്തിലേക്ക് കടന്നിട്ടില്ല. വൈറസ് പരിശോധനയ്ക്കായി 10 ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. എന്‍.എ.ബി.എല്‍. അക്രഡിറ്റേഷനുള്ള ലാബുകളില്‍ പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Post Bottom Ad