• Breaking News

    കോവിഡ്-19; മുൻകരുതൽ നടപടികൾ ഫലപ്രദമാകുന്നുണ്ട്, ലോകത്താകെ രോഗം ശക്തി പ്രാപിക്കുന്നതിനാൽ ജാഗ്രത കൂട്ടണം: മുഖ്യമന്ത്രി

    Covid-19; Precautionary measures are in place, and caution should be exercised as the world is getting sicker: CM,www.thekeralatimes.com

    കൊറോണ നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന മുൻകരുതൽ നടപടികൾ ഫലപ്രദമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ലോകത്താകെ രോഗം ശക്തി പ്രാപിക്കുന്നതിനാൽ ജാഗ്രത കൂട്ടണം എന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ നിയന്ത്രണം ഫലപ്രദമാണെന്നും ഇന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ആശുപത്രിയിൽ ആയത് 106 പേരാണ്. 7607 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. 302 പേര് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിരീക്ഷണത്തിലുള്ള ആളുകളുമായി ദിവസവും ബന്ധപ്പെടും.

    രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും പരിശോധനകൾക്കും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പൊലീസും ചേർന്ന് പ്രവർത്തിക്കും. പ്രദേശിക സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. ബോധവൽക്കരണ പരിപാടികൾ ശക്തമാക്കും. നിരീക്ഷണത്തിൽ ഉള്ള വീടുകളിൽ ഭക്ഷണം ഉണ്ടെന്ന് ഉറപ്പുവരുത്തും. വോളന്റിയര്മാരുടെ എണ്ണം കൂട്ടും. പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം ഉണ്ടാകേണ്ടതുണ്ട്. രോഗം പടരുന്നത് ഒഴിവാക്കാൻ പാലിക്കേണ്ട കാര്യങ്ങൾ അറിയിക്കും- മുഖ്യമന്ത്രി പറഞ്ഞു.

    വിമാനത്താവളങ്ങളിൽ എസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനക്ക് ഉണ്ടാകും. റയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഡിവൈഎസ്പിമാരുടെയും നേതൃത്തിൽ പരിശോധന സംഘങ്ങൾ പ്രവര്‍ത്തിക്കും. ഇന്ന് രാത്രി മുതൽ തന്നെ പരിശോധന തുടങ്ങാനാണ് തീരുമാനം. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാൻ സംവിധാനം ഒരുക്കും. ഉത്സവങ്ങളും പ്രാർത്ഥന യോഗങ്ങളും നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് ഇടപെടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കാര്യക്ഷമമാക്കും. അതിർത്തി കടന്നു വരുന്ന ട്രെയിനുകളിലെ എല്ലാ യാത്രക്കാരെയും പരിശോധിക്കും. കേരളത്തിൽ എത്തുന്ന ആദ്യ സ്റ്റേഷനിൽ പരിശോധന നടത്തും. ഒരു സംഘം രണ്ട് ബോഗി എന്ന നിലയ്ക്ക് പരിശോധിക്കും. ട്രെയിനുകളിൽ അനൗൺസ്മെന്‍റ് നടത്താനും യാത്രക്കാര്‍ക്ക് മുൻകരുതൽ മെസേജ് നൽകാനും പദ്ധതിയുണ്ട്.

    അസുഖം സംശയിക്കുന്നവരെ പാര്‍പ്പിക്കാൻ വിമാനത്താവളത്തിൽ കോറോണ കെയര്‍ സെന്‍ററുകൾ തയ്യാറാക്കും. ആശുപത്രിയിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിസര ശുചീകരണം അടക്കം നടപടികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കൂട്ടായ്മകൾ പാടില്ലെന്ന നിര്‍ദ്ദേശം അങ്ങിങ്ങ് ലാഘവത്തോടെ എടുക്കുന്നവര്‍ ഉണ്ട്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പൊലീസ് ഫലപ്രദമായി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു

    Post Bottom Ad