• Breaking News

  കൊവിഡ്: സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ നടപടി

  Covid: Absolute lockdown in the state from today Action against those who travel without sufficient reasons,www.thekeralatimes.com

  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.

  അവശ്യ സർ‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസർകോട് ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനഫലങ്ങൾ ഇന്ന് കിട്ടും.

  ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ ആവർത്തിച്ചു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങൾ കിട്ടും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ,പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കും.

  മെഡിക്കൽ ഷോപ്പുകൾക്ക് സമയക്രമം ബാധകമല്ല. അവശ്യസാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണ് ഉത്തരവ്. സംസ്ഥാനത്ത് ഇന്ന് മുതൽ പൊതുഗതാഗതമോ സ്വകാര്യ ബസുകളോ ഇല്ല. ഓട്ടോ ,ടാക്സി സർവീസുകൾ അവശ്യ സാധനങ്ങളും സേവനങ്ങളും ഉറപ്പുവരുത്താൻ മാത്രം അനുവദിക്കും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാം.

  പെട്രോൾ പമ്പുകൾ, എൽപിജി വിതരണം എന്നിവ തടസ്സപ്പെടില്ല. ആശുപത്രികൾ സാധാരണ പോലെ പ്രവർത്തിക്കും. ജലം,വൈദ്യുതി, ടെലികോം സേവനങ്ങൾ തടസ്സപെടില്ല. സർക്കാർ ഓഫീസുകൾ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തി പ്രവർത്തിക്കും. ബാറുകൾ അടച്ചിടും. ബെവ്കോ ഔട്ട്ലറ്റുകൾ അടയ്ക്കില്ലെങ്കിലും കർശന നിരീക്ഷണത്തിലാകും വിൽപന.

  അഞ്ച് പേരിൽ കൂടുതൽ പൊതുസ്ഥലത്ത് കൂട്ടം കൂടാൻ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ ഒഴിവാക്കും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല; പാർസലും ഹോം ഡെലിവറിയും അനുവദിക്കും. വിദേശരാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈന് തയ്യാറാകണം. അയൽ സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കും. ഇവർക്ക് വൈദ്യപരിശോധനയും ഭക്ഷണവും ഉറപ്പുവരുത്താൻ കരാറുകാരും തൊഴിലുടമകളും ബാധ്യസ്ഥരാണ്.

  ബാങ്കുകൾ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമെ പ്രവർത്തിക്കൂ. മൈക്രോ ഫിനാൻസ്, സ്വകാര്യ കമ്പനികൾ തുടങ്ങിയവ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിർത്തിവയ്ക്കണം. നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകും. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നിരീക്ഷണത്തിലുള്ളവരുടെ ഫോൺ ലൊക്കേഷൻ പരിശോധിക്കും. ഇവരുടെ പട്ടിക അയൽവാസികൾക്ക് നൽകുമെന്നും സർക്കാർ പറയുന്നു. നിലവിൽ മാർച്ച് 31വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

  Post Bottom Ad