• Breaking News

    തിരുവനന്തപുരത്ത് ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്ക് കൊറോണയെന്ന് സംശയം; പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

    Coroner suspected to have arrived in Italy from Thiruvananthapuram; Preliminary test result positive,www.thekeralatimes.com

    ഇറ്റലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ആള്‍ക്ക് കൊവിഡ് 19 രോഗബാധയെന്ന് സംശയം. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. അന്തിമ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് വെളളനാട് സ്വദേശിയായ യുവാവ്. ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് രണ്ട് ദിവസം മുന്‍പ് യുവാവ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് യുവാവ് നേരെ പോയത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ്.

    എന്നാല്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ തിരിച്ചയയ്ക്കുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കുളിക്കുമ്പോള്‍ പനിലക്ഷണം തോന്നിയതോടെ ഇയാള്‍ ദിശ നമ്പറില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ ആലപ്പുഴ ലാബില്‍ അയച്ചിരിക്കുകയാണ്.

    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോകും വഴി ഇയാള്‍ സമീപത്തെ ഒരു ജ്യൂസ് കടയില്‍ കയറിയതായി വിവരം കിട്ടിയിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ തന്നെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആശുപത്രിയില്‍ അഞ്ചുപേരും വീട്ടില്‍ 160 പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉളളത്.

    അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തൃശ്ശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് റാന്നി സ്വദേശികള്‍ യാത്രചെയ്ത വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ്. തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാള്‍. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ അറിയിച്ചു. മാര്‍ച്ച് 7നാണ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ പങ്കെടുത്ത പൊതുപരിപാടികള്‍ പരിശോധിക്കും. കൂടാതെ ഇയാളുമായി ബന്ധം ഉണ്ടായവരെ നിരീക്ഷിക്കും. ഇയാളൊരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

    കണ്ണൂരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി ഇയാള്‍ രക്തസാമ്പിള്‍ നല്‍കിയിരുന്നു. എന്നാല്‍ പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ വീട്ടിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

    Post Bottom Ad