• Breaking News

    കൊറോണ: നെടുമ്പാശ്ശേരിയില്‍ പരിശോധന കര്‍ശനമാക്കി, സന്ദര്‍ശകര്‍ക്ക് വിലക്ക്

    Coronation: Visitors banned from Nedumbassery,www.thekeralatimes.com

    കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഉച്ചക്കു ശേഷം മന്ത്രി വി എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഭാഗത്തും വൂവിംഗ് ഗ്യാലറിയിലുമാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. യാത്രക്കാര്‍ ഒപ്പമുള്ളവരെ കൊണ്ടു വരുന്നത് പരിമിതപ്പെടുത്തണമെന്നും സിയാല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലെത്തിച്ചും പരിശോധിക്കുന്നുണ്ട്.

    ഇതിനിടെ ഇറ്റലിയില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാളികളില്‍ ഇരുപത്തിയൊന്നു പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. രാവിലെ ഏഴരയോടെയാണ് ദുബായ് വഴി ഇവര്‍ കൊച്ചിയിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇറ്റലിയില്‍ എത്തി വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ കൊറോണ ബാധയില്ലെങ്കിലും വിശദ പരിശോധനക്കായി ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്നുളളവരാണിവര്‍.

    ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നും കാണാതായ രണ്ടു യുകെ സ്വദേശികള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയ ഇവരെ പൊലീസ് ഇടപെട്ടാണ് ആശുപത്രിയല്‍ എത്തിച്ചത്. ജില്ലയില്‍ കൂടുതല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയില്‍ 80 മുറികള്‍ ക്രമീകരിച്ചു. പേ വാര്‍ഡ് ഒഴിപ്പിച്ചാണ് വാര്‍ഡ് ക്രമീകരിച്ചത്.

    Post Bottom Ad