• Breaking News

    കൊറോണ: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം

    Corona: The people need not panic, there is no need to declare a health emergency,www.thekeralatimes.com

    രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇന്ത്യയില്‍ 81 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള 4000 പേരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ നിരീക്ഷണത്തിലാണെന്നും ആഭ്യന്തര, ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    മിലാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശനിയാഴ്ച ഇറ്റലിയിലേക്കു വിമാനമയക്കും. ഞായറാഴ്ച മടങ്ങിയെത്തും. റോമിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്.

    ഇറാനില്‍നിന്ന് 44 പേരെ വ്യോമസേനയുടെ വിമാനത്തില്‍ വെള്ളിയാഴ്ച മുംബൈയിലെത്തിച്ചു. ഇവര്‍ നാവികസേനാകേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. ഇറാനില്‍നിന്ന് ഇതുവരെ 1031 പേരുടെ സാംപിളുകള്‍ എത്തിച്ചിട്ടുണ്ട്. ഇറാനിലെത്തിയ ശാസ്ത്രജ്ഞര്‍ക്ക് താത്കാലിക ലാബ് സ്ഥാപിക്കാനുള്ള അനുമതി ഇറാന്‍ അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    കൊറോണ വ്യാപനം തടയുന്നതിന് അതിര്‍ത്തിയിലെ 37 ചെക്ക് പോസ്റ്റുകളില്‍ 19 എണ്ണം അടച്ചു. ബംഗ്ലാദേശിലേക്കുള്ള ബസ്, തീവണ്ടി സര്‍വീസുകള്‍ ഏപ്രില്‍ 15 വരെ നിര്‍ത്തി. പഞ്ചാബിലെ അട്ടാരിയിലുള്ള ഇന്ത്യ-പാക് ചെക്‌പോസ്റ്റ് അനിശ്ചിതകാലത്തേക്ക് അടച്ചു. അഫ്ഗാനില്‍നിന്ന് പാകിസ്താന്‍ വഴി അട്ടാരി-വാഗ അതിര്‍ത്തിയിലെത്തുന്ന ചരക്കുകള്‍ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതും ആളുകളുടെ പോക്കുവരവും വിലക്കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ കര്‍താര്‍പുര്‍ ഇടനാഴിവഴി പാകിസ്താനിലെ സിഖ് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനും ഉടന്‍ വിലക്കേര്‍പ്പെടുത്തിയേക്കും.

    ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇസ്രയേല്‍, ദക്ഷിണകൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ എയര്‍ ഇന്ത്യ റദ്ദാക്കി. ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ സര്‍ക്കാര്‍ജീവനക്കാരുടെ നിര്‍ബന്ധിത വാര്‍ഷിക ആരോഗ്യ പരിശോധന ജൂണ്‍ 30 വരെ സസ്‌പെന്‍ഡ് ചെയ്തു. ജെ.എന്‍.യു.വിനു പുറമേ, ജാമിയ മിലിയ സര്‍വകലാശാലയിലും മാര്‍ച്ച് 31 വരെ അവധിനല്‍കി.

    Post Bottom Ad