• Breaking News

  കോവിഡ് 19; സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ കുറിച്ച് ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി യുവ ഡോക്ടര്‍

  Post related to Kovid; Dr. Shinu Shyamalan has been discharged from a private hospital,www.thekeralatimes.com

  കൊച്ചി: സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ കുറിച്ച് ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പൊലീസിനെയും അറിയിച്ചതിന്റെ പേരില്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി യുവ ഡോക്ടര്‍.

  സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പൊലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരിക്കുകയാണെന്നാണ് ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

  രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും താന്‍ പുറത്തു വിട്ടിട്ടില്ലെന്നും മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളതെന്നും ഷിനു ശ്യാമളന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

  അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്‍ഥമായ ചോദ്യങ്ങള്‍ തനിക്ക് നേരെ ഉയരുകയാണെന്നും നിങ്ങള്‍ക്കൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗമെന്നും എന്നാല്‍ തനിക്കതല്ലെന്നും തെറ്റ് കണ്ടാല്‍ ഇനിയും ചൂണ്ടിക്കാണിക്കുമെന്നും ഷിനു ശ്യാമളന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

  ‘ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ട ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇനിയും ശബ്ദിക്കും’, ഡോ. ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  ഖത്തറില്‍ പോകാന്‍ പറ്റില്ലെന്നും ആരോഗ്യവകുപ്പില്‍ അറിയിക്കണമെന്നും രോഗിയോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അയാള്‍ അത് ചെവിക്കൊണ്ടില്ലെന്നും നാളെ തന്നെ പോകണമെന്ന് പറഞ്ഞ് ഒ.പിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ഷിനു ശ്യാമളന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

  അയാളുടെ പേരും വീട്ടുപേരും കിട്ടിയെന്നും പിന്നീട് ആരോഗ്യവകുപ്പില്‍ വിളിച്ച് വിവരം പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

  ഡെപ്യൂട്ടി ഡി.എം.ഒയെ വിൡച്ച് ചോദിച്ചപ്പോള്‍ അവര്‍ ഫോണ്‍ നമ്പറും സിസിടിവിയും തന്നില്ലല്ലോ എന്നാണ് ചോദിച്ചത്. വണ്ടി നമ്പര്‍ ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ പൊലീസിനെ വിട്ട് അന്വേഷിപ്പിക്കാമെന്നാണ് പറഞ്ഞത്.

  രാവിലെ 9 മണിക്ക് ഡി.എസ്.ഒയെ വിളിച്ചപ്പോള്‍ ഫീല്‍ഡ് സ്റ്റാഫിനെ അറിയിച്ചു എന്നാണ് പറഞ്ഞത്. അയാള്‍ പോകില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ഇയാള്‍ ഖത്തറിലെത്തിയെന്നാണ് അറിഞ്ഞത്. വലിയ വീഴ്ചയാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്.

  ഇന്ന് രാവിലെ ക്ലിനിക്കില്‍ ഡ്യൂട്ടിക്ക് ചെന്നപ്പോള്‍ വരേണ്ട എന്നാണ് പറഞ്ഞത്. കൊറോണ രോഗി വന്ന ആശുപത്രിയില്‍ ഇനി ആരെങ്കിലും വരുമോ എന്നും നിങ്ങള്‍ എന്നോട് ചോദിച്ചാണോ ഇതൊക്കെ മറ്റുള്ളവരെ അറിയിച്ചതെന്നുമാണ് ഉടമ ചോദിച്ചത്.

  ഇനി ആ സ്ഥാപനത്തില്‍ ജോലി ചെയ്യാനും എനിക്ക് താത്പര്യമില്ല. ഇത്രയും സെല്‍ഫിഷ് ആയ ആളുകള്‍ ഉള്ള സ്ഥലത്ത് എന്തിനാണ് ജോലി ചെയ്യുന്നതെന്നും ഡോക്ടര്‍ ചോദിക്കുന്നു.

  ആ രോഗി പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന കാര്യമെങ്കിലും നമുക്ക് പരിശോധിക്കാന്‍ കഴിയേണ്ടിയിരുന്നു. അത് ചെയ്തില്ല. അത് നമുക്ക് വന്ന മിസ്‌റ്റേക്ക് ആണ്. ഇത്രയും ഇന്‍ഫോം ചെയ്തിട്ടും ഒരു കാര്യവുമുണ്ടായില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

  കടുത്ത പനിയുമായി ഖത്തറില്‍ നിന്നും നാട്ടില്‍ വന്ന് തന്റെ പക്കല്‍ ചികിത്സ തേടിയെത്തിയ ആളെപ്പറ്റിയുള്ള അനുഭവക്കുറിപ്പുമായി കഴിഞ്ഞ ദിവസം ഷിനു ശ്യാമളന്‍ രംഗത്തെത്തിയിരുന്നു. അയാളുടെ അവസ്ഥ വിവരിച്ചുകൊണ്ട് ഓരോരുത്തരും പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും ഡോക്ടര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

  ജനുവരി അവസാനം നാട്ടില്‍ വന്ന ഇയാള്‍ കഴിഞ്ഞ ആഴ്ചകളില്‍ ദല്‍ഹി-ആഗ്ര സന്ദര്‍ശിച്ചിരുന്നു. കടുത്ത പനിയുള്ള ആള്‍ ഇന്ന് നാട് വിട്ടു പോയെന്നാണ് അറിഞ്ഞത്. വിമാനത്താവളത്തില്‍ എന്താണ് പരിശോധിക്കുന്നതെന്നും ഡോക്ടര്‍ ചോദിക്കുന്നു.

  കഴിഞ്ഞ ദിവസം ഡോക്ടറെ കാണാന്‍ എത്തിയ ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍ സംശയം തോന്നിയിരുന്നുവെന്നാണ് ഷിനു ശ്യാമളന്‍ പറയുന്നത്. ഇതേക്കുറിച്ചു വിശദീകരിച്ചു ഇന്നലെ ഡോ. ഷിനു പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ഖത്തറിലേക്ക് പോയ കാര്യം ഷിനു പങ്കുവെച്ചത്.
  Post Bottom Ad