• Breaking News

    കോവിഡ്; കേന്ദ്ര-സംസ്ഥാന പ്രശ്‌നമായി മാറ്റുന്നത് രാഷ്ട്രീയ ലാഭത്തിന്; മാധ്യമങ്ങള്‍ സ്വതന്ത്രമായും നിഷ്പക്ഷമായും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് മര്യാദയെന്നും വി. മുരളീധരന്‍

    Covid; Turning the central issue into a state for political gain; The media is free and impartial. Muralitharan,www.thekeralatimes.com

    ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊറോണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അങ്ങേയറ്റത്തെ ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു എന്ന ധാരണയുണ്ടാകുന്ന തരത്തില്‍ കേരളത്തില്‍ നിന്ന് സന്ദേശമുണ്ടാകുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള നീക്കം മാത്രമാണെന്നായിരുന്നു വി. മുളീധരന്‍ പറഞ്ഞത്.

    ചില മാധ്യമങ്ങള്‍ പറയുന്നത് വിദേശകാര്യവകുപ്പ് ഒന്നും ചെയ്യുന്നില്ല എന്നാണ്. വിദേശകാര്യവകുപ്പ് ചെയ്യുന്ന ഓരോ കാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കുന്ന രീതി ഇല്ല. യുദ്ധകാലസമാന സാഹചര്യമാണ്. കേന്ദ്രസര്‍ക്കാരും വിദേശരാജ്യങ്ങളുമായി ചര്‍ച്ചചെയ്തും അനുവാദം വാങ്ങിയുമാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.

    അത്തരം കാര്യങ്ങള്‍ പറയുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആ പരിമിതി മാധ്യമങ്ങള്‍ മനസിലാക്കണം. ഒന്നും ചെയ്യുന്നില്ല. എല്ലാവരും സുഖമായിട്ട് കിടന്നുറങ്ങുകയാണ് എന്നുമുള്ള ധാരണയുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണം പക്ഷപാതപരമാണ്.

    സ്വതന്ത്രമായും നിഷ്പക്ഷമായും റിപ്പോര്‍ട്ട് ചെയ്യണം. കലാപങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഇത്തരം കാര്യങ്ങളിലും പാലിക്കേണ്ട മര്യാദ പാലിക്കണം.

    ഗൗരമായി വിദേശകാര്യവകുപ്പ് വേണ്ട നടപടികള്‍ എടുക്കും. ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇറാനില്‍ നിന്നുള്ള ബാക്കി സംഘത്തെ കൊണ്ടുവന്നത്. ഇന്ത്യക്കാരുടെ സാംപിളുകളും കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് ഒരു മണിക്ക് പ്രത്യേക യോഗം നടക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

    മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കള്ളം പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഓരോ മത്സ്യത്തൊഴിലാളിയേയും ബന്ധപ്പെടുക സാധ്യമല്ലെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഒരാളെ ബന്ധപ്പെട്ടില്ലെങ്കില്‍ ആരേയും ബന്ധപ്പെട്ടില്ല എന്നാക്കുന്നത് തെറ്റാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

    ഇന്ത്യക്കാരായിട്ടുള്ള ആളുകള്‍ രോഗമുള്ളവരും ഇല്ലാത്താവരും ഒരേ വിമാനത്തില്‍ വരുന്നത് അപകടമായതിനാലാണ് ടെസ്റ്റ് നടത്തിയ ശേഷം നെഗറ്റീവ് ആയവരെ കൊണ്ടുവരണമെന്ന് പറയുന്നതെന്നും ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പരിമിതി ഉള്ളതിനാല്‍ അവിടേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഴുവന്‍ ആളുകളേയും പരിശോധിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

    കൂടുതല്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ ഒന്നിലേറെ യോഗങ്ങള്‍ ദിവസം നടത്തുന്നുണ്ട്. ഇതിന് പുറമെ കാബിനറ്റ് സെക്രട്ടറിയുടേയും പ്രധാനമന്ത്രിയുടേയും ഏറ്റവും വലിയ ശ്രദ്ധ ഈ വിഷയം കൈകാര്യം ചെയ്യുന്നതിലേക്ക് മാറിയിട്ടുണ്ട്.

    ആ സമയത്ത് കേന്ദ്രസംസ്ഥാന ഏറ്റുമുട്ടല്‍ നടക്കുന്നു എന്ന ധാരണയുണ്ടാകുന്ന തരത്തില്‍ കേരളത്തില്‍ നിന്ന് സന്ദേശമുണ്ടാകുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള നീക്കമായിട്ടേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

    Post Bottom Ad