കിഫ്ബിയ്ക്കെതിരെ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാൻ വീണേടത്തു കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടർക്കും മറുപടിയില്ല. അതിനുപകരം സിഎജിയുടെ കരടു റിപ്പോർട്ടിലെ പരാമർശത്തിന്റെ പേരിൽ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധമെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരടു റിപ്പോർട്ടിന്റെ മറവിൽ സിഎജി അസംബന്ധം എഴുന്നെള്ളിച്ചാൽ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടും. അതിനിയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
ധനമന്ത്രിയുടെ പ്രസ്താവന:
കിഫ്ബിയ്ക്കെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാൻ വീണേടത്തു കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടർക്കും മറുപടിയില്ല.
അതിനുപകരം സിഎജിയുടെ കരടു റിപ്പോർട്ടിലെ പരാമർശത്തിന്റെ പേരിൽ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധമെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരടു റിപ്പോർട്ടിന്റെ മറവിൽ സിഎജി അസംബന്ധം എഴുന്നെള്ളിച്ചാൽ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടും. അതിനിയും ചെയ്യും.
എന്നു മുതലാണ് സിഎജിയുടെ കരടു റിപ്പോർട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്രരേഖയായത്? ലാവലിൻ ഓർമ്മയുണ്ടല്ലോ. സിഎജിയുടെ കരടു റിപ്പോർട്ടിലെ പരാമർശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാർത്ഥ റിപ്പോർട്ടിൽ അങ്ങനെയൊരു പരാമർശമുണ്ടോ?
ചെലവഴിച്ച തുകയ്ക്ക് ആനുപാതിക നേട്ടമുണ്ടായില്ല എന്നാണ് അന്തിമ റിപ്പോർട്ടിലെ പരാമർശം. Did not yield commensurate gains എന്നാണ് പരാമർശം. എന്നുവെച്ചാൽ നേട്ടമുണ്ടായി, പക്ഷേ, ചെലവിന് ആനുപാതികമല്ല എന്ന്. പക്ഷേ, കരട് റിപ്പോർട്ടിൽ entire expenditure of rupees 374.50 crores was rendered wasteful’ എന്നായിരുന്നു.
ആ പരാമർശം വെച്ചല്ലേ ഇക്കണ്ട ആഘോഷമെല്ലാം നടത്തിയത്? കരട് റിപ്പോർട്ടിലെ ലക്കും ലെഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലെടുപ്പാണ്. ഇനിയത് അനുവദിച്ചുതരാനാവില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയെ മറികടന്ന് അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ലാവലിൻ കേസിൽ ഉപഹർജി നൽകിയ സംഭവം പ്രതിപക്ഷ നേതാവിന് ഓർമ്മയുണ്ടാകുമല്ലോ. ആ ഹർജിയിലും കരടു റിപ്പോർട്ടിലെ പരാമർശമാണ് എഴുതിപ്പിടിപ്പിച്ചത്.
കോപ്പി കൈയിലുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പരിശോധിച്ചു നോക്കൂ. ലാവലിൻ കരാർ സംബന്ധിച്ച് സിഎജിയുടെ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പോലും മുതലെടുപ്പു ശ്രമങ്ങൾക്ക് ഉപയോഗിച്ചത് കരട് റിപ്പോർട്ടിലെ പരാമർശങ്ങളാണ്. ആ കളി ഇനി അനുവദിക്കാനാവില്ല.
സിഎജിയുടെ കരടു റിപ്പോർട്ടിലെ പരാമർശം രാഷ്ട്രീയ ആയുധമാക്കി ലാവലിൻ കേസിൽ സിപിഐഎമ്മിനെ വേട്ടയാടിയവരുടെ സാരോപദേശമൊക്കെ കൈയിൽ വെച്ചിരുന്നാൽ മതി. പ്രശ്നം, കരടു റിപ്പോർട്ടിലെ പരാമർശത്തിന് നിയമത്തിന്റെയും വ്യവസ്ഥയുടെയും കീഴു്വഴക്കങ്ങളുടെയും യുക്തിയുടെയും പിൻബലമുണ്ടോ എന്നാണ്. കരട് റിപ്പോർട്ടിന്റെ വിശുദ്ധിയൊക്കെ നമുക്ക് നിയമസഭയിൽ വഴിയേ ചർച്ച ചെയ്യാം.
ഞാനുയർത്തിയത് ഗുരുതരമായ പ്രശ്നമാണ്. സംസ്ഥാനത്തിന്റെ ഭാവിയെയും അധികാരത്തെയും സംബന്ധിച്ചാണത്. ഉത്തരവാദിത്തമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടത് അതിനെക്കുറിച്ചാണ്. സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്ക് ആർബിഐയുടെയും സെബിയുടെയും നിയമങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ അധികാരമുണ്ടോ? എന്താണ് യുഡിഎഫിന്റെ നിലപാട്? ആ അടിസ്ഥാന ചോദ്യത്തോട് നിങ്ങൾ കേരള ജനതയ്ക്കു മുന്നിൽ നിലപാട് വ്യക്തമാക്കിയേ മതിയാകൂ.