പന്തിരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻന്റെ പിതാവ് ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥി മത്സരിക്കുന്നു. കോഴിക്കോട് കോർപറേഷനിലേക്കാണ് ഷുഹൈബ് മത്സരിക്കുന്നത്.
61ാം വാർഡായ വലിയങ്ങാടിയിലാണ് മത്സരിക്കാൻ സമ്മതമറിയിച്ചെന്ന് ആർഎംപി അറിയിച്ചു. സി.പി.ഐ.എം കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്.
പൊലീസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്തമെന്ന് ആർഎംപി അറിയിച്ചു. അറസ്റ്റിലാകുമ്പോൾ സിപിഎം അംഗമായിരുന്ന അലനെ പിന്നിട് പാർട്ടി പുറത്താക്കിയിരുന്നു.
സി.പി.ഐ.എമ്മിന്റെ നയവ്യതിയാനങ്ങളിൽ പ്രതിഷേധിച്ചാണ് സ്ഥാനാർത്ഥിയാകുന്നത് എന്ന് മുഹമ്മദ് ഷുഹൈബ് മീഡിയാ വണ്ണിനോട് പ്രതികരിച്ചു.
കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഘകളും പുസ്തകങ്ങളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്, ഇക്കൊല്ലം സെപ്റ്റബർ മാസത്തിൽ ഇരുവർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.