കിഫ്ബിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മണ്ഡലങ്ങളില്‍ ‘കിഫ്ബിയുടെ പദ്ധതികള്‍ ഒന്നും വേണ്ടായെന്ന് നിലപാടെടുക്കുമോയെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് അടക്കം ആരോപണങ്ങളുമായി രംഗത്ത് ഉണ്ടല്ലോ? കിഫ്ബിയുടേതായ പദ്ധതികള്‍ ഞങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന് തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവിനാകുമോ? സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കണ്ടത് നാടിന്റെ ആവശ്യമെന്നതാണ്. സ്‌കൂള്‍, ആശുപത്രി, റോഡ് മറ്റ് വികസന പദ്ധതികള്‍ എന്നത് അവിടുത്തെ എംഎല്‍എ ആര് എന്ന് നോക്കിയല്ല നടത്തുന്നത്. നാടിന്റെ ആവശ്യം കണ്ടറിഞ്ഞാണ് നടപ്പിലാക്കുന്നത്. എന്റെ നാടിന് ഇതൊന്നും വേണ്ട എന്ന് ഇവര്‍ക്ക് ആര്‍ക്കെങ്കിലും നിലപാടെടുക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബി വിവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ വികസന പ്രതീക്ഷ വളരെ വലുതായിരുന്നു. വരുമാന സ്രോതസുകള്‍ ഇതിനനുസരിച്ച് വര്‍ധിക്കണം. ഇതിനായി പുറത്തുനിന്ന് ധനസമാഹരണം നടത്തണം. ഇതിന് കിഫ്ബി ഉണ്ട്. ആ സംവിധാനത്തെ വിപുലീകരിച്ച് ഇതിനായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കിഫ്ബി ഇപ്പോള്‍ നാടാകെ അറിയുന്ന തരത്തിലായത്. യഥാര്‍ത്ഥത്തില്‍ മുന്‍ സര്‍ക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളത് വിപുലപ്പെടുത്തി. ബജറ്റിന് താങ്ങാനാവാത്ത വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പുതിയ ധന സ്രോതസ് വേണം. 50,000 കോടി രൂപയുടെ വികസന പദ്ധതികളെങ്കിലും നടപ്പിലാക്കാനാകണമെന്നാണ് കണക്ക് കൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ 55,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. പല പദ്ധതികളും പൂര്‍ത്തിയാക്കാനും കഴിഞ്ഞു. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നത്.
കിഫ്ബിയെ വിപുലീകരിച്ചപ്പോള്‍ തന്നെ അതിനെ പരിഹസിച്ചവരുണ്ട്. തകര്‍ക്കാനുള്ള നീക്കവുമായി ആരെങ്കിലും വന്നാല്‍ നിന്നുകൊടുക്കാനാകില്ല. നാടിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുളളതാണ് കിഫ്ബി. അതിന് തുരങ്കം വയ്ക്കാന്‍ എന്തിനാണ് ശ്രമിക്കുന്നത്. കുട്ടികള്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളില്‍ പഠിക്കുന്നത് ആ കുടുംബങ്ങളിലെല്ലാം സന്തോഷമുണ്ടാക്കുന്നില്ലേ. നാട്ടിലാകെയുണ്ടാകുന്ന മാറ്റമല്ലേ അത്. സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ അത് ആരെയാണ് അസ്വസ്ഥപ്പെടുത്തുക. എല്ലാവരും സന്തോഷിക്കുകയല്ലേ ചെയ്യുക. നാട് അതിനൊപ്പമാണ്.
കൊവിഡ് നല്ല രീതിയില്‍ തടത്തുനിര്‍ത്താന്‍ കഴിഞ്ഞു. ആരോഗ്യ രംഗത്തിന്റെ പങ്ക് അതില്‍ വലുതാണ്. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ വരെ സൗകര്യങ്ങള്‍ വര്‍ധിച്ചില്ലേ. ഇതിനെയൊക്കെ എല്ലാവരും അംഗീകരിക്കുന്നതല്ലേ. ആരെങ്കിലും അതിനെ തള്ളിപ്പറയുമോ. ഇത് ആരെയാണ് അസ്വസ്ഥമാക്കുന്നത്.
നാടിന്റെ പശ്ചാത്തല സൗകര്യം വര്‍ധിച്ചാല്‍ അത് നാടിനുണ്ടാക്കുന്ന മാറ്റം എത്ര വലുതായിരിക്കും. റോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുന്നത് കിഫ്ബിയുടെ പണം ഉപയോഗിച്ചാണ്. നട്ടുകാര്‍ക്കാകെ സന്തോഷമാണത്. നാടിന്റെ വികസനം ഉറപ്പാക്കുകയാണ്. അതിന് നാടും നാട്ടുകാരും അസ്വസ്ഥമാകില്ല. എന്നാല്‍ ചില വികലമായ മനസുകള്‍ അസ്വസ്ഥമായേക്കും.
ഇന്റര്‍നെറ്റിന്റെ മഹാസാധ്യതകള്‍ ഉപയോഗിക്കുന്ന കാലത്ത് പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ ലഭിക്കുകയെന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കില്ലേ. ഇന്നത്തെ കാലത്ത് ആളുകളുടെ ആവശ്യമാണത്. മലയോര ഹൈവ, തീരദേശ ഹൈവേ ഇതൊക്കെ നാട്ടില്‍ മാറ്റമുണ്ടാക്കുന്നില്ലേ, നാട്ടുകാര്‍ ആഗ്രഹിക്കുന്ന കാര്യമല്ലേ ഇത്. പണത്തിന് ക്ഷമമുള്ളപ്പോള്‍ കിഫ്ബിയുടെ സ്രോസ് ആണ് ഉപയോഗിച്ചത്. കേരളത്തിലാകെ നിരവധി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നു. അതില്‍ വലിയ പങ്കാണ് കിഫ്ബി വഹിക്കുന്നത്. വ്യവസായ പാര്‍ക്കുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റം വലുതാണ്. ഇതിനൊപ്പമാണ് വന്‍കിട പദ്ധതികള്‍ക്കും കിഫ്ബിയുടെ ധനസ്രോതസ് ഉപയോഗിക്കുന്നത്. ഇതെല്ലാം നാട് ആഗ്രഹിച്ച കാര്യങ്ങളല്ലേ.
അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ നാട് അതിന് എതിരല്ല. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നതിന് കിഫ്ബിയെ ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്. ഇത്തരം വികസന പദ്ധതികള്‍ വേണ്ടെന്നാണോ ഇതിനെതിരെ രംഗത്ത് വരുന്നവര്‍ പറയുന്നത്. കിഫ്ബിയെ പോലെ നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. അതിനോട് നാട് യോജിക്കില്ല. കിഫ്ബി വിഭാവനം ചെയ്ത നിരവധി പദ്ധതികളുണ്ട്. അതില്‍ ഏതെങ്കിലും വേണ്ടായെന്നാണോ ഇവര്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.