എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി മാധ്യമങ്ങൾക്ക് ചോർന്നതിൽ കടുത്ത അതൃപ്തിയുമായി നിയമസഭാ എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റി. നിയമസഭാ സെക്രട്ടറിക്ക് ലഭിക്കും മുൻപ് വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നുവെന്നാണ് ആക്ഷേപം. എന്നാൽ കത്ത് പുറത്തുവിട്ടിട്ടില്ലെന്നും ചോർന്നതിൽ ഉത്തരവാദിത്തമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന അന്വേഷണത്തിനെതിരെ ജെയിംസ് മാത്യു എം.എൽ.എ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമസഭാ എത്തിക്സ് കമ്മിറ്റി നൽകിയ നോട്ടീസിനുള്ള മറുപടിയാണ് മാധ്യമങ്ങൾക്ക് ചോർന്നത്. നിയമസഭാ സെക്രട്ടറിക്ക് ലഭിക്കും മുൻപ് വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നത് സമിതിയെ ചൊടുപ്പിച്ചു. നടപടി നിയമസഭയോടുള്ള അവഹേളനമാണെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ചേരുന്ന എത്തിക്സ് കമ്മിറ്റി വിഷയം ചർച്ച ചെയ്യും. വേണ്ടിവന്നാൽ ഇക്കാര്യത്തിലും ഇ.ഡിയുടെ വിശദീകരണം തേടാനും സാധ്യതയുണ്ട്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ചുള്ള വിശദീകരണവും യോഗം പരിശോധിക്കും. നിയമസഭയുടെ അവകാശങ്ങളെ ലംഘിട്ടില്ലെന്നാണ് നൽകിയിരിക്കുന്ന വിശദീകരണം. ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായ അധികാരമുണ്ടെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മറുപടി ചോർന്നതിൽ ഉത്തരവിത്തമില്ലെന്ന നിലപാടിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ചയാണ് ഇമെയിലായി നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകിയത്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച വാർത്തയും കത്തിന്റെ പകർപ്പും മാധ്യമങ്ങളിലൂടെ പറത്തുവന്നതെന്നും ഇ.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.