കിഫ്ബിയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിന്നുകൊടുക്കാനാകില്ല. കിഫ്ബി നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനാണ്. അതിന് തുരങ്കം വയ്ക്കാന്‍ എന്തിനാണ് ശ്രമിക്കുന്നത്?. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിഭവ സമാഹരണത്തിന് നിലവില്‍ കിഫ്ബിയെന്ന സംവിധാനമുണ്ട്. വിപുലീകരിച്ച് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ സര്‍ക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചിട്ടുണ്ട്. നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചു. കിഫ്ബി പുതിയ രീതിയില്‍ വന്നപ്പോള്‍ പരിഹസിച്ചവരുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌കൂളുകള്‍ വരുമ്പോള്‍ ആരാണ് അസ്വസ്തരാകുന്നത്. വികലമായ മനസുകളെയാണ് വികസനം അസ്വസ്തമാക്കുന്നതെന്നും മുഖ്യമന്ത്രി.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ജനുവരി 24 നാണ് സംസ്ഥാനത്ത് കൊവിഡ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ മറ്റ് മിക്ക പ്രദേശങ്ങളെക്കാള്‍ വേഗത്തില്‍ സംസ്ഥാനത്തിനകത്ത് പ്രതിരോധത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും ആദ്യത്തെ കേസുകളില്‍ നിന്ന് ഒരാള്‍ക്കുപോലും രോഗം പടരാതിരിക്കാനുള്ള ജാഗ്രത പാലിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.