ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. ജനം കോൺഗ്രസിനെ ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപിൽ സിബൽ വിമർശിച്ചു. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല. പരാജയ കാരണം അന്വേഷിക്കുന്നതേയില്ല.
പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ലെന്നും അതിനാൽ ആശങ്ക പരസ്യമാക്കുകയാണെന്നും കപിൽ സിബൽ പ്രതികരിച്ചു. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസ് വലിയ പരാജയമായിരുന്നു. ആർജെഡി മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് കാര്യമായ സീറ്റുകൾ നേടാതെ പോയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്.
അതേസമയം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി മുതിർന്ന നേതാവ് ശിവാനന്ദ് തിവാരിയും രംഗത്തെത്തി. ബിഹാറിൽ മഹാസഖ്യം തോൽക്കാൻ കാരണം കോൺഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. മഹാസഖ്യത്തെ ചങ്ങലക്കു ബന്ധിപ്പിക്കുന്നതുപോലെയാണ് കോൺഗ്രസ് ചെയ്തതെന്നും തിവാരി ആരോപിച്ചു. കോൺഗ്രസിനെ മഹാസഖ്യത്തിൽ ചേർത്തതോടെ ബിജെപിക്കാണ് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടായതെന്നും ആർജെഡി നേതാവ് ആരോപിക്കുന്നു.
പരിചയമില്ലാത്ത സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുത്തതുവഴി കോൺഗ്രസ് മഹാഗത്ബന്തനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറിയെന്ന് തിവാരി പറഞ്ഞു. 70 സ്ഥാനാർത്ഥികളെ അവർ നിർത്തി. പക്ഷേ 70 പൊതു റാലികൾ പോലും കോൺഗ്രസ് നടത്തിയിട്ടില്ല. മൂന്ന് ദിവസത്തേക്ക് രാഹുൽ ഗാന്ധി വന്നു, പ്രിയങ്ക (ഗാന്ധി) വന്നില്ല, ബിഹാറുമായി പരിചയമില്ലാത്തവരാണ് കോൺഗ്രസിനുവേണ്ടി ഇവിടെയെത്തിയത്. ഇത് ശരിയായില്ലെന്നും ശിവാനന്ദ് തിവാരി പറഞ്ഞു.