Breaking News

പ്രചാരണ സമയത്ത് രാഹുൽ ഷിംലയിൽ വിനോദയാത്ര പോയി, പ്രിയങ്ക ഗാന്ധി വന്നതേയില്ല; ബിഹാർ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസിനെതിരെ ആർജെഡി

ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനേറ്റ കനത്ത തോൽവിയിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്തി ആർജെഡി. കോൺഗ്രസ് അർധമനസ്സോടെയാണു കളത്തിൽ ഇറങ്ങിയതെന്നാണു തേജസ്വി യാദവ് നയിക്കുന്ന ആർജെഡിയുടെ കുറ്റപ്പെടുത്തൽ. ജെഡിയു–ബിജെപി സഖ്യസർക്കാർ അധികാരത്തിലേറുന്നതിനു തൊട്ടുമുൻപാണ് പ്രതിപക്ഷത്ത് വെടിപൊട്ടിയിരിക്കുന്നത്.

‘മഹാസഖ്യത്തിനു പ്രതിബന്ധമാവുകയാണു കോൺഗ്രസ്. അവർ 70 സ്ഥാനാർഥികളെ നിർത്തി. പക്ഷേ 70 പൊതുറാലികൾ പോലും സംഘടിപ്പിച്ചില്ല. രാഹുൽ ഗാന്ധി മൂന്നു ദിവസം മാത്രമാണു പ്രചാരണത്തിനു വന്നത്. പ്രിയങ്ക ഗാന്ധി വന്നതേയില്ല. ബിഹാറിന് അത്ര പരിചയമില്ലാത്തവരാണ് ഇവിടെ എത്തിയത്. ഇതു ശരിയല്ല. ബിഹാറിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളിൽ മത്സരിക്കുകയെന്നതാണു കോൺഗ്രസ് രീതി. എന്നാൽ പരമാവധി ഇടങ്ങളിൽ ജയിക്കുകയെന്നതു സംഭവിക്കാറില്ല. അവർ ഇതേപ്പറ്റി ചിന്തിക്കണം’– ആർജെഡി നേതാവ് ശിവാനന്ദ് തിവാരി വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലെത്തി നിൽക്കെ പ്രിയങ്കയുടെ ഷിംലയിലെ വസതിയിലേക്കു വിനോദയാത്ര പോവുകയാണു രാഹുൽ ചെയ്തത്. ഇങ്ങനെയാണോ ഒരു പാർട്ടിയെ കൊണ്ടുനടക്കേണ്ടത്?– ശിവാനന്ദ് ചോദിച്ചു. ആർജെഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവ ഒരുമിച്ച് മഹാസഖ്യമായാണു ബിഹാറിൽ മത്സരിച്ചത്. കോൺഗ്രസ് മോശം പ്രകടനം കാഴ്ച വച്ചതാണു മുന്നണിയെ ഭരണത്തിൽനിന്ന് അകറ്റിയതെന്നു വിമർശനമുണ്ട്. 70 സീറ്റിൽ‌ മത്സരിച്ച കോൺഗ്രസിന് 19 ഇടത്താണു വിജയിക്കാനായത്. 75 സീറ്റ് നേടി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇടത് പാർട്ടികളും പ്രകടനം മെച്ചപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *