പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ സംഭവത്തിൽ പരിഹാസ രൂപേണെ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന കവിത ചൊല്ലിയാണ് ജലീൽ പ്രതിരിച്ചത്. ജലീലിന്റെ അറസ്റ്റുണ്ടാകുമെന്ന് പ്രചരിച്ചിട്ട് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റാണല്ലോ ഉണ്ടായതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഉള്ളൂർ എസ് പരമേശ്വരയ്യരുടെ കവിത മറുപടിയായി മന്ത്രി ചൊല്ലിയത്.
നമുക്ക് നമ്മൾ തന്നെയാണ് സ്വർഗ്ഗം പണിയുന്നത്. അതുപോലെ നരകം തീർക്കുന്നതും നാം തന്നെ എന്നാണ് വരികളുടെ അർത്ഥം. അതേസമയം മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ.ടി ജലീൽ തയ്യാറായില്ല.
ബുധനാഴ്ച രാവിലെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അറസ്റ്റ്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.