Breaking News

‘മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം ചെയ്തു’; സ്വപ്നയുടേതെന്ന പേരിൽ ശബ്ദസന്ദേശം

മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു. ഓൺലെെൻ മാധ്യമമായ ‘ദ ക്യൂ’ വാണ് ഇക്കാര്യം പുറത്തുവിട്ടത്.

അതേസമയം ശബ്ദ സന്ദേശം പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ദക്ഷിണമേഖല ഡിഐജിയോട് നിര്‍ദേശിച്ചു.

ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നതെന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു.

മൊഴിപ്പേജുകൾ പെട്ടെന്നു മറിച്ചുപോയി ഒപ്പിടാൻ പറയുകയാണു ചെയ്തതെന്നും പറയുന്നു. താൻ ഒരിക്കലും മൊഴി നൽകില്ലെന്നു പറഞ്ഞപ്പോൾ ഇനിയും അവർ ജയിലിൽ വരുമെന്നു സമ്മർദം ചെലുത്തുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *