Breaking News

പ്രതിപക്ഷം പറഞ്ഞ ഒരോ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്; സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകള്‍ ബോധപൂര്‍വം നശിപ്പിക്കാനുള്ള നീക്കമായിരുന്നു സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തമെന്നും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനിന്നുവെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇനി സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ആരാഞ്ഞു. പ്രതിപക്ഷം പറഞ്ഞ ഒരോ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അന്ന് ആ ഉദ്യോഗസ്ഥന്മാരെ വിളിച്ച് ശാസിക്കുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. പക്ഷെ എല്ലാ ഭീഷണികളെയും അവഗണിച്ചു കൊണ്ട് സത്യം തെളിയിക്കാന്‍ കഴിഞ്ഞ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇനിയെങ്കിലും ഈ ഗൂഢാലോചന എന്തിനു നടത്തിയെന്നും എത്ര ഫയലുകള്‍ നശിച്ചുവെന്നും വെളിപ്പെടുത്തണം. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അറിഞ്ഞു കൊണ്ടുള്ള നടപടിയായി വേണം ഇതിനെ കണക്കാക്കാനെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *