Breaking News

പ്രചരിക്കുന്നത് തന്റെ ശബ്ദസന്ദേശമെന്ന് സമ്മതിച്ച് സ്വപ്‌നാ സുരേഷ്

മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷ്. ശബ്ദം എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ശബ്ദസന്ദേശം ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖല ഡിഐജി അജയ്കുമാറിനോടാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

സ്വപ്‌നയുടെ ശബ്ദ സന്ദേശം ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ഡിഐജി പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം. ഡിഐജി അജയ്കുമാറിന് അന്വേഷണ ചുമതല നൽകി ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഉത്തരവിട്ടത്.

സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *