Breaking News

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ തള്ളി

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.

സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി അരുണിന്റേതാണ് ഉത്തരവ്‌. തിങ്കളാഴ്ച മുതല്‍ വിചാരണ പുനരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വിചാരണക്കോടതി നടപടികൾക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സർക്കാരും ഹൈക്കോടതിയിൽ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു ഹര്‍ജിയില്‍ വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *