കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിനെതിരെ ശക്തമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ വെള്ളിയാഴ്ച അറിയിച്ചു.
ഐ.സി.ഐ.സി.ഐ ബാങ്ക്-വീഡിയോകോൺ ഗ്രൂപ്പ് വായ്പാ കേസുമായി ബന്ധപ്പെട്ട് ഏജൻസി കർശനമായ നടപടിയും സ്വീകരിക്കില്ലെന്ന് ജസ്റ്റിസുമാരായ എസ്. കെ. കൗൾ, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിനെയാണ് അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നേരിടുന്ന ഭർത്താവ് ദീപക് കൊച്ചാറിനെ ജാമ്യത്തിൽ വിട്ടുനൽകാൻ ചന്ദ കൊച്ചാർ ഹർജി നൽകിയതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉറപ്പ്. ഭർത്താവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചന്ദ കൊച്ചാർ ഹരജിയിൽ പറഞ്ഞു.
ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം തുടക്കത്തിൽ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പിലെ വേണുഗോപാൽ ധൂത്ത് എന്നിവർക്കെതിരേ കള്ളപ്പണം തടയൽ നിയമപ്രകാരം ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ സെപ്റ്റംബറിലാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിൽ ഒന്നിന്റെ മുൻ സി.ഇ.ഒയ്‌ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പ് നൽകി.
ജാമ്യത്തിനായുള്ള ദീപക് കൊച്ചാറിന്റെ അപേക്ഷ നവംബർ 23 ന് വിചാരണ കോടതിയിൽ പരിഗണിക്കുമെന്നും നവംബർ 27 ന് ചന്ദ കൊച്ചാറിന്റെ ഹർജി പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.