Breaking News

ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ വിജയിക്കില്ല; രൂക്ഷവിമര്‍ശനവുമായി ഗുലാംനബി ആസാദ്

കോണ്‍ഗ്രസ് നേതൃപ്രതിസന്ധിയിൽ വിമർശനവുമായി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. സംഘടന തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നും ഗുലാംനബി ആസാദ് പ്രതികരിച്ചു. കോൺഗ്രസിൽ നേതൃപ്രതിസന്ധിയില്ലെന്നും അഭിപ്രായം പറയാന്‍ വേദിയുണ്ടെന്നുമായിരുന്നു സല്‍മാന്‍ ഖുർഷിദിന്റെ മറുപടി. വാഗ്വാദം തുടരവെ അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചക്ക് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചേരും.

ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെയാണ് കോണ്‍ഗ്രസില്‍ നേതൃപ്രതിസന്ധി ചർച്ച സജീവമായത്. ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നാണ് മുതിർന്ന നേതാവ് ഗുലാംനബി ആസാദിന്റെ വിമർശം. കോൺഗ്രസ്‌ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ വരണം. ബിഹാർ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കുറ്റപ്പെടുത്താൻ ഇല്ലെന്നും ഗുലാംനബി ആസാദ് പ്രതികരിച്ചു.

കോൺഗ്രസിൽ നേതൃ പ്രതിസന്ധിയില്ലെന്നും പരാതികളും അഭിപ്രായങ്ങളും പറയാൻ പാർട്ടിയിൽ ആവശ്യത്തിന് വേദികളുണ്ടെന്നുമായിരുന്നു സൽമാൻ ഖുർഷിദിന്റെ മറുപടി. ഇതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാന്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് അതോറിട്ടി യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ധാരണയായാല്‍ തുടർനടപടിക്ക് പ്രവർത്തക സമിതിയുടെ അനുമതി തേടും. അധ്യക്ഷ തെരഞ്ഞെടുപ്പ് ഡിജിറ്റലായി നടത്താനും ആലോചനയുണ്ട്. എ.ഐ.സി.സി പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയില്‍ കാർഡുകള്‍ നല്കുന്നുണ്ട്. ആദ്യമായാണ് എ.ഐ.സി.സി അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ കാർഡ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *