Breaking News

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം; പ്രതികൂല ഫലമുണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്‌

ഇന്ത്യയിലെ തദ്ദേശിയ വാക്‌സിനായ ‘കോവാക്‌സിൻ’ ട്രയൽ വിവാദത്തിൽ. വാക്‌സിൻ സ്വീകരിച്ച യുവാവിനു ഗുരുതര രോഗം കണ്ടെത്തിയിട്ടും പരീക്ഷണം നിർത്തിവയ്ക്കാതിരുന്നതാണു വിവാദങ്ങൾക്ക് വഴിവച്ചത്. ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഫലം വന്നതായി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകും സ്ഥിരീകരിച്ചു. എന്നാല്‍ സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ ഈ വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നതായി കമ്പനി വ്യക്തമാക്കി.

ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കോവാക്‌സിൻ വികസിപ്പിച്ചത്. ഓഗസ്റ്റിൽ നടന്ന ആദ്യ ട്രയലിൽ വാക്‌സീൻ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരൻ രണ്ട് ദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായി. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു. ഇയാൾക്കു നേരത്തേ മറ്റു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും അസുഖത്തിന് കാരണമായതിനെ കുറിച്ച് പരിശോധനകൾ നടത്താനായി വാക്‌സിൻ പരീക്ഷണം നിർത്തിവയ്ക്കാതിരുന്നത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്.സംഭവം 24 മണിക്കൂറിനുള്ളിൽ ഡ്രഗ് കണ്ട്രോളറെ അറിയിച്ചിരുന്നതായി ഭാരത് ബയോടെക്ക് പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതികൂല ഫലം വന്നിട്ടും ഈ വിവരം ഡിസിജിഐയെ അറിയിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിന് ഇടയിലാണ് കമ്പനിയുടെ വിശദീകരണം. പ്രതികൂല ഫലം ഉണ്ടായത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിരുന്നു എന്നും കമ്പനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *