Breaking News

‘ബിജെപി നേതാക്കളുടെ കുടുംബങ്ങളിലെ മിശ്ര വിവാഹങ്ങളും ലവ് ജിഹാദ് ആണോ?’; ചോദ്യവുമായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി

ലവ് ജിഹാദ് എന്ന പേരില്‍ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി പരിഗണിക്കാനുള്ള ബി.ജെ.പി സർക്കാരുകളുടെ നീത്തത്തിനെതിരെ വിമർശനവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗല്‍. ബിജെപി നേതാക്കളുടെ കുടുംബങ്ങളിലെ മിശ്രവിവാഹങ്ങളും ലൗ ജിഹാദിന്റെ നിര്‍വചനത്തിനുള്ളില്‍ വരുമോയെന്ന് ഭൂപേഷ് ഭാഗല്‍ ചോദിച്ചു.

“നിരവധി ബി.ജെ.പി നേതാക്കളും അവരുടെ മക്കളുമെല്ലാം മിശ്രവിവാഹം ചെയ്തിട്ടുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമി, മുഖ്താര്‍ അബ്ബാസ് നഖ്‍വി ഉള്‍പ്പെടെയുള്ളവര്‍ ലവ് ജിഹാദ് പരിധിയില്‍ വരുമോ” എന്ന് ഭൂപേഷ് ബാഗല്‍ ചോദിക്കുന്നു.

സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം‍. മതത്തിന്‍റെ പേരില്‍ ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ഭൂപേഷ് ബാഗല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും മധ്യപ്രദേശിലെ ശിവരാജ് സിങ് ചൌഹാന്‍ സര്‍ക്കാരും ലവ് ജിഹാദിന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് നേരത്തെ വ്യക്തമാക്കുകയുണ്ടായി. വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്നും ബിജെപി ഭരിക്കുന്ന ഹരിയാന, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *