Breaking News

മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ നയങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ ബൈഡന്‍ തയ്യാറാകണം; ഫലസ്തീനെയും ഇസ്രാഈലിനെയും ഒരുപോലെ അംഗീകരിക്കണം: ഇല്‍ഹാന്‍ ഉമര്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ മിഡില്‍ ഈസ്റ്റില്‍ നടത്തിയ ഉടമ്പടികള്‍ മനുഷ്യാവകാശ ലംഘകര്‍ക്ക് അവരുടെ ആയുധ വില്‍പന മറച്ചുവെക്കാന്‍ സഹായകരമായെന്ന് ഇല്‍ഹാന്‍ ഉമര്‍ ആരോപിച്ചു.

‘ദ നേഷന്‍’എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇല്‍ഹാന്‍ ഉമര്‍ ട്രംപ് സര്‍ക്കാരിന്റെ വിവിധ മിഡില്‍ ഈസ്റ്റ് നയതന്ത്ര ധാരണകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഈ നയതന്ത്ര പദ്ധതികളില്‍ പരിപൂര്‍ണ്ണ മാറ്റം വരുത്തുന്നതിനുള്ള മികച്ച അവസരമാണ് ജോ ബൈഡന് മുന്‍പിലുള്ളതെന്നും ഇല്‍ഹാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തില്‍ ഏതെങ്കിലും പക്ഷം ചേരുന്നത് ഒഴിവാക്കണമെന്നും ഇല്‍ഹാന്‍ ആവശ്യപ്പെടുന്നു.

‘രണ്ട് സ്വേച്ഛാധിപതികളില്‍ ഒരാളുടെ പക്ഷം പിടിക്കുന്നതിന് പകരം രണ്ടു പേരില്‍ നിന്നും തുല്യ അകലത്തില്‍ നില്‍ക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ മാത്രമേ നമുക്ക് സത്യസന്ധമായ രീതിയില്‍ മധ്യസ്ഥം വഹിക്കാന്‍ കഴിയൂ. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും താല്‍പര്യവും സംരക്ഷിക്കാനും മനുഷ്യാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും പ്രോത്സാഹിപ്പിക്കാനുമാകൂ.’ ഇല്‍ഹാന്‍ പറയുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് സര്‍ക്കാരിന്റെ യു.എ.ഇ, സുഡാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രാഈല്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നു. യു.എ.ഇ – ഇസ്രാഈല്‍ ധാരണയില്‍ എഫ് – 35 ഫൈറ്റര്‍ ജെറ്റുകളടക്കം 23 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പനയാണ് നടന്നതെന്ന് ഇല്‍ഹാന്‍ ചൂണ്ടിക്കാണിച്ചു.

ഇറാനെതിരെ സൈനിക സഖ്യത്തിന് ശ്രമിച്ചിരുന്ന ട്രംപ് യെമനില്‍ സൗദി നടത്തുന്ന അതിക്രമങ്ങളോടും ലിബിയന്‍ ആഭ്യന്തര യുദ്ധത്തിലെ യു.എ.ഇയുടെ പങ്കിനോടും ബഹ്‌റിനില്‍ വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തതിനോടും കണ്ണടക്കുകയായിരുന്നെന്നും ഇല്‍ഹാന്‍ കുറ്റപ്പെടുത്തി.

‘ഇന്നും ഇസ്രാഈല്‍ സൈനിക കയ്യേറ്റത്തിന് കീഴില്‍ ജീവിക്കേണ്ടി വരുന്ന ആയിര കണക്കിന് ഫലസ്തീനികളെ എങ്ങനെയായിരിക്കും ഈ ധാരണകള്‍ ബാധിച്ചിരിക്കുക. ട്രംപിന്റെ നയതന്ത്ര ഉടമ്പടികളിലൂടെ ഇസ്രാഈലിന്റെ കടന്നുകയേറ്റത്തെ സാധാരണവത്കരിച്ചുകൊണ്ട് ഇസ്രഈലിനും ഫലസ്തീനിനുമുള്ള എല്ലാ സമാധാന സാധ്യതകളും ഇല്ലാതാക്കുകയായിരുന്നു.’ ഇല്‍ഹാന്‍ പറഞ്ഞു.

ഫലസ്തീനികള്‍ നേരിടുന്ന ദുരിതങ്ങള്‍ അവഗണിക്കുന്നത് അമേരിക്കയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരാണെന്നും ഇല്‍ഹാന്‍ പറഞ്ഞു. ഇസ്രാഈലിനെയും ഫലസ്തീനെയും ഇരു രാജ്യങ്ങളായി അംഗീകരിച്ചുകൊണ്ട് സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യു.എ.ഇ ഇസ്രാഈലുമായി ഔദ്യോഗികമായി ബന്ധം സ്ഥാപിച്ചതിനെ ബൈഡന്‍ നേരത്തെ സ്വാഗതം ചെയ്തിരുന്നു. മിഡില്‍ ഈസ്റ്റിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചരിത്രപരമായ നീക്കമെന്നായിരുന്നു ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ ഇല്‍ഹാന്‍ ഉമര്‍ ചൂണ്ടിക്കാണിക്കുന്ന തരത്തില്‍ അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയത്തില്‍ മാറ്റം വരുത്താന്‍ ജോ ബൈഡന്‍ തയ്യാറാകുമോയെന്നത് ചര്‍ച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *