Breaking News

ജി 20 ഉച്ചകോടി നടക്കുമ്പോള്‍ ഗോള്‍ഫ് മൈതാനത്തും ട്വിറ്ററിലും വിയര്‍ത്ത് ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ജി 20 ഉച്ചകോടിയുടെ പ്രധാന സെഷനുകളില്‍ നിന്ന് വിട്ട് നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ട്രംപ് തന്റെ ഗോള്‍ഫ് മൈതാനത്ത് പോയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാമാരിക്കെതിരായ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട സെഷനില്‍ പങ്കെടുക്കാതെയാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഗോള്‍ഫ് മൈതാനത്തിലേക്ക് പോയത്. ശനിയാഴ്ച ജി 20 ഉച്ചകോടി ആരംഭിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന നിര്‍ണായക ജി 20 ഉച്ചകോടിയിലെ ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യം ചര്‍ച്ചയായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലോക നേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

ട്രംപ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന ചര്‍ച്ച നേരത്തെ തന്നെ അന്താരാഷ്ട്ര തലത്തില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വെള്ളിയാഴ്ച ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യം ജി 20 ഉച്ചകോടിയില്‍ ഉണ്ടാകുമെന്ന് കാണിച്ച് വൈറ്റ് ഹൗസ് തന്നെ പ്രസ്താവന ഇറക്കിയിരുന്നു. രാവിലെ വൈറ്റ് ഹൗസില്‍ നിന്നാണ് ട്രംപ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ജി 20 ഉച്ചകോടി ആരംഭിച്ച് 13 മിനിറ്റുകള്‍ പിന്നിട്ടതോട് കൂടി ട്വിറ്ററില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു.

പത്ത് മണിയോടെ വൈറ്റ് ഹൗസ് വിട്ട ട്രംപ് വാഷിങ്ടണിന് പുറത്തുള്ള തന്റെ ഗോള്‍ഫ് ക്ലബ്ബിലെത്തുകയായിരുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര് ആഞ്ജല മെര്‍ക്കല്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍-ജെ-ഇന്‍ തുടങ്ങിയവര്‍ സംസാരിച്ച സെഷനില്‍ നിന്നാണ് ട്രംപ് വിട്ടു നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *