ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ചേര്‍ത്ത ഒറ്റ രാജ്യമാക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക്. ഇന്ത്യയേയും പാകിസ്താനേയും ബംഗ്ലാദേശിനേയും കൂട്ടി യോജിപ്പിച്ച് ഒരു രാജ്യമാക്കാനുള്ള നടപടി ബിജെപി സ്വീകരിച്ചാല്‍ താന്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് നവാബ് മാലിക്ക് പറഞ്ഞു. ബി.ജെ.പി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന കാലം വരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ജി പറഞ്ഞിരുന്നു. ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇന്ത്യയും പാകിസ്താനും ബംഗ്‌ളാദേശും ഒരു രാജ്യമായി മാറണമെന്നാണ്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഈ മൂന്ന് രാജ്യങ്ങള്‍ക്കും ഒന്നായിക്കൂടാ” – നവാബ് മാലിക്ക് ചോദിച്ചു. ബിജെപി ഇത്തരമൊരു കാര്യം ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും നവാബ് മാലിക്ക് പറഞ്ഞു.
ബ്രിഹാൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേന, കോൺഗ്രസ് എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഗാഡി സർക്കാറിനൊപ്പം എൻ.സി.പി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മാലിക് പറഞ്ഞു. ബി.എം.സി തെരഞ്ഞെടുപ്പിന് 15 മാസം മാത്രമാണ് ഇനിയുള്ളത്. ഓരോ പാർട്ടിയും അവരവരുടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നു. ഞങ്ങളും പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. മൂന്നുപാർട്ടികളും ഒരുമിച്ച് ചേർന്ന് മത്സരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും മാലിക് പറഞ്ഞു.
അവിഭക്ത ഇന്ത്യയിലാണ് വിശ്വസിക്കുന്നതെന്നും ഒരുദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്നും കഴിഞ്ഞദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. മുംബൈയിൽ മധുരപലഹാരക്കടയുടെ േപരിൽനിന്ന് കറാച്ചി ഒഴിവാക്കണമെന്ന് ശിവസേന പ്രവർത്തകർ ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.