Breaking News

കൊവിഡ് രണ്ടാം വ്യാപനം സുനാമിക്ക് തുല്യമായിരിക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉദ്ദവ് താക്കറെ

മുംബൈ: കൊവിഡ് വ്യാപനം ഒരുവിധത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് കൊവിഡ് അതിശക്തമായി തിരിച്ചുവരുന്നതിനും അതൊരു സുനാമിയ്ക്ക് തുല്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനപ്പെട്ട എല്ലാ ഉത്സവങ്ങളും ആഘോഷിച്ചു. എല്ലാ ആഘോഷങ്ങളും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൊറോണയെ ഒരുവിധത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ നിങ്ങളോട് ചെറിയ ദേഷ്യത്തിലാണ് ഞാന്‍. ദിവാലിയ്ക്ക് ശേഷം ആള്‍ക്കൂട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് തന്നതാണ്. ഇപ്പോള്‍ പലരും റോഡിലൂടെ മാസ്‌കുകള്‍ പോലും ധരിക്കാതെ പോകുന്നത് സ്ഥിരം കാഴ്ചയായിരിക്കുകയാണ്. കൊവിഡ് ഇല്ലാതായി എന്ന് വിചാരിക്കരുത്. കൊവിഡിന്റെ രണ്ടാം തരംഗം ഒരു സുനാമിയ്ക്ക് തുല്യമായിരിക്കും. അഹമ്മദാബാദിലും, ദല്‍ഹിയിലും സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ, ഉദ്ദവ് പറഞ്ഞു.

വാക്‌സിന്‍ പൂര്‍ണ്ണമായി എത്തിയെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണിതെന്നും ആള്‍ക്കൂട്ടം വര്‍ധിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുമൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സ്ഥിതി ഉണ്ടാക്കരുതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഏറ്റവുമധികം രോഗികള്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മഹാരാഷ്ട്ര. കര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരികയായിരുന്നു.

നിലവില്‍ 82000 ന് താഴെ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച 5753 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4060 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. 50 പേരാണ് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *