Breaking News

കൈക്കൂലി ആരോപണം; എം.കെ രാഘവന് എതിരെ വിജിലന്‍സ് കേസെടുത്തു

എം.കെ. രാഘവന്‍ എം.പിക്കെതിരേ വിജിലന്‍സ് കേസെടുത്തു. കൈക്കൂലി ആരോപണത്തിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന്‌ വെളിപ്പെടുത്തലിലുമാണ്‌ കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് എം.കെ. രാഘവനെതിരേ ആരോപണം ഉയര്‍ന്നത്. ടി വി 9 ചാനല്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി എം.കെ. രാഘവന്റെ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവിടുകയായിരുന്നു.

ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എം.കെ. രാഘവനെ സമീപിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടുവെന്ന് വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ചാനല്‍ അന്ന് പുറത്തുവിട്ടത്. ആ തുക ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ സർക്കാരിന്‍റെ അനുമതി തേടിയിരുന്നു. സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നിലവിൽ എം.പിയായ എം കെ രാഘവനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ലോക്സഭാ സ്പീക്കറിന്‍റെ അനുമതി വേണ്ടെന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് സർക്കാർ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. 2014 തിരഞ്ഞെടുപ്പില്‍ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപ്പറേഷനിലുണ്ടായിരുന്നു (സ്റ്റിംഗ് ഓപ്പറേഷന്‍). ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലന്‍സ് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *