Breaking News

സ്വർണം കടത്ത് കേസ്: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്ക‌ർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക.

അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകും.

ഇതിനിടെ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും. രണ്ടു പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്നലെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയത്. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം യുഎഇ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

എന്നാൽ ശിവശങ്കറിനെ ഇതുവരെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്താനായിട്ടില്ലെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നത്. യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്. അതിൽ ശിവശങ്കറിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവില്ലാതെ ഭീകരവാദ കേസിൽ ഒരാളെ പ്രതി ചേർക്കാനാവില്ലെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണം തുടരുകയാണെന്നും, ഇഡി കോടതിയിൽ ഉന്നയിച്ച വാദങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *