ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര-ആഭ്യന്തര മന്ത്രി ശക്തമായി ഇടപെടുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് നല്‍കി. മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കണം, പുതിയ കൊറോണ രോഗികള്‍ നിലവിലുള്ളതിനേക്കാള്‍ അഞ്ച് ശതമാനം ഉയരാന്‍ പാടില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും നിരീക്ഷണം പതിവാക്കുകയും വേണം- ഈ മൂന്ന് നിര്‍ദേശങ്ങളാണ് അമിത് ഷാ മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തി ചര്‍ച്ചയിലാണ് അമിത് ഷാ ഈ ടാര്‍ജറ്റ് നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉദ്യോഗസ്ഥര്‍ ഓരോ ആഴ്ചയും സന്ദര്‍ശിക്കണം. ഡാറ്റ ശേഖരിക്കണം. മാറ്റങ്ങള്‍ വിലയിരുത്തണം. കൂടുതല്‍ നിയന്ത്രണം വേണ്ട പ്രദേശങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കലാണ് ഡാറ്റ ശേഖരിക്കുന്നതെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു.